ശബരിമല: നടവരവില്‍ കുറവ് 51.91 കോടി

ശബരിമല : നിരോധനാജ്ഞയും യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളും സൃഷ്ടിച്ച പ്രതിസന്ധി ശബരിമലയിലെ നടവരവില്‍ ഗണ്യമായ ഇടിവ് വരുത്തി. തീര്‍ത്ഥാടനം ഒരുമാസം പിന്നിട്ടപ്പോള്‍ നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച വരുമാനത്തെക്കാള്‍ 42 ശതമാനത്തിന്റെ കുറവാണുണ്ടായത്. 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധന ഓരോ തീര്‍ത്ഥാടന കാലഘട്ടങ്ങളിലും ഉയരുമ്പോഴാണ് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികാടിത്തറയെ ഉലയ്ക്കുന്ന ഈകുറവ്. കഴിഞ്ഞ സീസണില്‍ 123.94 കോടിയായിരുന്നു നടവരവെങ്കില്‍ ഇക്കുറിയത് 72.03 കോടിയായി കുറഞ്ഞു. അപ്പം, അരവണ, കാണിക്ക തുടങ്ങി എല്ലാ ഇനങ്ങളിലും കുറവ് പ്രകടമാണ്. നടവരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുന്നത് അരവണ പ്രസാദം, കാണിക്ക എന്നീ ഇനങ്ങളിലാണ്. അരവണ വില്പനയിലൂടെ ഇക്കുറി ലഭിച്ചത് 26.76 കോടിയാണ്. കഴിഞ്ഞ വര്‍ഷമിത് 53.97 കോടിയായിരുന്നു. 27.21 കോടി രൂപയുടെ കുറവാണ് ഈ ഒരൊറ്റ ഇനത്തില്‍ മാത്രം ഉണ്ടായത്. കാണിക്കയിലും 15.87 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സീസണില്‍ 44 കോടി രൂപ ലഭിച്ച സ്ഥാനത്തിത് 28.13 കോടിയായി കുറഞ്ഞു. മറ്റിനങ്ങളില്‍ ലഭിച്ച വരുമാനം ചുവടെ, ബ്രായ്ക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ലഭിച്ചത്. അപ്പം : 2.50 കോടി (9.43 കോടി), അഭിഷേകം : 62.43 ലക്ഷം (97.98 ലക്ഷം), മുറിവാടക : 1.23 കോടി (2.34 കോടി), മാളികപ്പുറം : 52.09 ലക്ഷം (85.92 ലക്ഷം). അന്നദാനസംഭാവന : 1.16 കോടി (64.07 ലക്ഷം), സംഭാവന : 69.56 ലക്ഷം (92.23 ലക്ഷം). കഴിഞ്ഞ ഒരാഴ്ചയായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായെങ്കിലും അതിന് ആനുപാതികമായി കാണിക്കയിലും, അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്പനയിലും കാര്യമായ വര്‍ദ്ധന പ്രതിഫലിക്കുന്നില്ല. മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ പത്ത് ദിവസം മാത്രമാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍