സാഹസിക വിനോദസഞ്ചാര വികസനത്തിന് 50 കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മാനന്തവാടി: സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് 50 കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പഞ്ചാരക്കൊല്ലിയില്‍ അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്(എംടിബി കേരള2018) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാര്‍ദ,സാഹസിക ടൂറിസം പദ്ധതികളാണ് ഇവിടങ്ങളില്‍ വിഭാവനം ചെയ്യുന്നത്. തദ്ദേശീയര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കുക. ടൂറിസം രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ജില്ലയാണ് വയനാട്. മികവാര്‍ന്ന ടൂറിസം പദ്ധതികള്‍ ജില്ലയിലൊരുക്കാന്‍ പ്രത്യേക താത്പര്യമെടുക്കും. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നത് വയനാടിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകും. സംസ്ഥാനത്തു ഇക്കോ ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ ടൂറിസം നയം ആവിഷ്‌കരിച്ചത്. അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകള്‍ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇതു പരിഹരിക്കും. അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളില്‍നിന്നു കരകയറാന്‍ ടൂറിസം മേഖലയ്ക്കു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ചുവടുവയ്പ് വേണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍