ബന്ദിപ്പുര്‍ രാത്രികാല യാത്രാനിരോധനം: മേല്‍പ്പാല നിര്‍മാണച്ചെലവിന്റെ 50% സംസ്ഥാനം വഹിക്കും

തിരുവനന്തപുരം: ബന്ദിപ്പുര്‍വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ല്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നത് ഉള്‍പ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. ഏകദേശം 450500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് മേല്‍പ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയശേഷം കണക്കാക്കും. കര്‍ണാടകയിലെ കൊള്ളെഗല്‍ മുതല്‍ മൈസൂര്‍ വഴി കോഴിക്കോടുവരെ 272 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയ പാത 212 (പുതിയ നമ്പര്‍ എന്‍എച്ച് 766) ല്‍ ബന്ദിപ്പുര്‍വയനാട് ദേശീയപാര്‍ക്ക് വഴിയുള്ള രാത്രികാല യാത്രാനിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗതദേശീയപാത മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി സുപ്രീംകോടതിയില്‍ അറിയിക്കും. നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് ദേശീയ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക. 15 മീറ്റര്‍ വീതി വരുന്ന റോഡില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള അഞ്ച് മേല്‍പ്പാതകളാണ് ഉദ്ദേശിക്കുന്നത്. മേല്‍പ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാന്‍ഡ്‌സ്‌കേപ്പായി വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസമില്ലാത്ത രീതിയില്‍ തയാറാക്കും. ഇപ്രകാരം വനപ്രദേശത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന സ്ഥലത്തിന് ആനുപാതികമായ സ്ഥലം സംസ്ഥാന വനം വകുപ്പ് വിട്ടുനല്‍കേണ്ടതാണ്. രാത്രികാല യാത്രാനിരോധനം മൂലം ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് വേഗം ഇതിനൊരു പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഇതിനാവശ്യമായ തുക വകയിരുത്തുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍