മേട്ടുപ്പാളയത്ത് ആനകള്‍ക്ക് 48 ദിവസത്തെ ക്യാമ്പ്

മറയൂര്‍: മേട്ടുപാളയത്ത് ആനകള്‍ക്ക് 48 ദിവസത്തെ സുഖവാസ ക്യാമ്പിനു തുടക്കമായി. 30 ആനകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്ഷേത്രങ്ങളിലുള്ള 21 ആനകളും മഠങ്ങളില്‍ വളര്‍ത്തുന്ന ഏഴാനകളും പോണ്ടിച്ചേരിയില്‍നിന്നു രണ്ടാനകളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ജനുവരി 30 വരെ നീണ്ടുനില്ക്കുന്ന ക്യാമ്പിനു തമിഴ്‌നാട് മന്ത്രിമാരായ വേലു മണി, രാമചന്ദ്രന്‍, ദിണ്ഡുക്കല്‍ ശ്രീനിവാസന്‍, ഡപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയരാമന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുടക്കമായത്. തമിഴ്‌നാട് സര്‍ക്കാര്‍ 1.42 കോടി രൂപയാണ് ക്യാമ്പിനായി ചെലവഴിക്കുന്നത്. മേട്ടുപാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഭവാനി പുഴയുടെ തീരത്താണ് പതിനൊന്നാമത് സുഖവാസ ക്യാമ്പ്. മുഴുവന്‍ ആനകളെയും കുളിപ്പിച്ച് അലങ്കരിച്ചു നിരനിരയായി നിര്‍ത്തിയതു കൗതുകക്കാഴ്ചയായി. കരിമ്പ്, കൈതചക്ക, തണ്ണീര്‍മത്തന്‍ എന്നിവകൂടാതെ ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന കാലിത്തീറ്റകള്‍, പഴങ്ങള്‍, അഷ്ടചൂര്‍ണം, ബയോ ബൂസ്റ്റ് എന്നിവയും ആനകള്‍ക്കു നല്‍കും. കുളിപ്പിക്കാനായി ഷവര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ആനകളെ സമീപ ഗ്രാമത്തില്‍കൂടി നടത്തിക്കും. ക്യാമ്പിലേക്കു സന്ദര്‍ശകരും എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍