ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മികച്ച നേട്ടം, 39ല്‍ 22ഉം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം: ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളില്‍ 22ഉം ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി.12 സീറ്റുകളില്‍ യു.ഡി.എഫും രണ്ട് വീതം സീറ്റുകളില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു. എന്നാല്‍ പന്തളം നഗരസഭയിലെ പത്താം വാര്‍ഡില്‍ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത് ഇടത് നേട്ടത്തിന്റെ തിളക്കം കുറച്ചു. തിരുവനന്തപുരം നഗരസഭയിലെ കിണവൂര്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിറുത്തി.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശീലാസാണ് 733 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യു.ഡി.എഫ് വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. വിമല്‍ കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കിണവൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.2010ല്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത ശേഷം നടത്തിയ രണ്ട് തിരഞ്ഞെടുപ്പിലും വാര്‍ഡ് യു.ഡി.എഫിനൊപ്പമായിരുന്നു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചല്‍ കോണം വാര്‍ഡ് ഉപതിരഞ്ഞടുപ്പില്‍ യു.ഡി.എഫ് സിറ്റിംഗ് സീറ്ര് നിലനിര്‍ത്തി. 230 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാര്‍ത്ഥി നന്ദന്‍കുഴി രാജന്‍ വിജയിച്ചത്. യു.ഡി.എഫ് പഞ്ചായത്തംഗമായിരുന്ന സിന്ധു സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിയന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മന്നേറ്റം. കുട്ടനാട് താലൂക്കില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാര്‍ഡുകളില്‍ രണ്ടു വാര്‍ഡ് ബി.ജെ.പി വിജയിച്ചു. തകഴി ഗ്രാമപഞ്ചായത്ത് 5 വാര്‍ഡില്‍ പി.കെ വാസദേവനും വെളിയാനാട് ഗ്രാമ പഞ്ചായത്തില്‍ അജിതയും വിജയിച്ചു. രണ്ടും സീറ്റും യു.ഡി.എഫില്‍ നിന്നും ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. പുന്നപ്ര പവര്‍ഹൗസ് വാര്‍ഡില്‍ എസ്.ഡി.പി.ഐ വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍