സുരേന്ദ്രന്‍ 22 ദിവസങ്ങള്‍ക്കു ശേഷം ജയില്‍ മോചിതനായി

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്‍ 22 ദിവസങ്ങള്‍ക്കുശേഷമാണ് ജയില്‍ മോചിതനായത്. കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്നു ഇന്ന് രാവിലെ പൂജപ്പുര ജയിലില്‍നിന്ന് അദ്ദേഹം പുറത്തെത്തിയത്. നവംബര്‍ പതിനേഴിനാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാസത്തിലെ ആദ്യതിങ്കാഴ്ച രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. മൂന്നു മാസം ഇതു തുടരണം. അതിനു മുമ്പു കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം. കോടതികളില്‍ ഹാജരാകാനല്ലാതെ അടുത്ത മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. പത്തനംതിട്ടയില്‍ പോകേണ്ടതുണ്ടെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍