കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ്പുതുവര്‍ഷ വിപണി 21 മുതല്‍

കോഴിക്കോട്: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാനത്ത് 21 മുതല്‍ ജനുവരി ഒന്നുവരെ സഹകരണ ക്രിസ്മസ് പുതുവത്സര വിപണി സജ്ജീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 20ന് തിരുവനന്തപുരം പാളയം എല്‍എംഎസ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പതിമ്മൂന്ന് ഇനം നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് സപ്ലൈകോ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്പന നടത്തി വിലനിലവാരം പിടിച്ചു നിര്‍ത്താനാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്ദേശിക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ച 13 ഇനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിത അളവില്‍ ലഭ്യമാക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ പത്തു മുതല്‍ 25 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും. വിപണിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത് പൂര്‍ണമായും ഇ ടെണ്ടര്‍ വഴിയാണ് നടത്തിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുകേശന്‍ പറഞ്ഞു. വെളിച്ചെണ്ണ പൂര്‍ണമായും കേരഫെഡില്‍നിന്നാണ് വാങ്ങിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍