വലിയ വിമാനങ്ങളുടെ സര്‍വ്വീസ്; 20ന് അവസാനഘട്ട പരിശോധന

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായ് 20 ന് എയര്‍ ഇന്ത്യ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി പി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച് അവസാനഘട്ട പരിശോധന നടത്തുമെന്ന് എം.കെ. രാഘവന്‍ എംപി അറിയിച്ചു. ഇന്ത്യയുടെ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ മെല്ലെ പ്പോക്ക് നയം കാരണം എം.കെ. രാഘവന്‍ എംപി അടക്കമുള്ള ജനപ്രതിനിധി സംഘം ജൂലൈ മാസം എയര്‍ ഇന്ത്യ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിനായ് ഡിജിസിഎയുടെ എന്‍ഒസി ലഭ്യമായ ശേഷം സ്വകാര്യ വിമാനകമ്പനിയായ സൗദി എയര്‍ലൈന്‍സ് അഞ്ച് മുതല്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ തുടര്‍ന്നും ഈ നയവുമായ് മുന്നോട്ട് പോയതിനെതുടര്‍ന്ന് എം.കെ. രാഘവന്‍ എംപിയും മറ്റ് സംഘടനകളും സമര പ്രഖ്യാപനം നടത്തിയിരുന്നു. പി. ബാലചന്ദ്രനോടൊപ്പം ക്യാപ്റ്റന്‍. എസ്.എ.സ് രന്ദാവ, ഡി. ശ്യാം സുന്ദര്‍ റാവു, ദീപക് ശര്‍മ്മ, അരവിന്ദ് കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍