ജെ.എസ്.ഡബ്‌ള്യു സിമന്റ് ഐ.പി.ഒ 2020ല്‍; ലക്ഷ്യം 3,000 കോടി

വിജയനഗര (ബെല്ലാരി): സിമന്റ് നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ജെ.എസ്.ഡബ്‌ള്യു സിമന്റ് 2020ഓടെ പ്രതിവര്‍ഷ ഉത്പാദനശേഷി 20 മില്യണ്‍ ടണ്ണായി ഉയര്‍ത്തും. നിലവിലിത് 12.8 മില്യണ്‍ ടണ്ണാണ്. വിജയനഗര (കര്‍ണാടക), നന്ത്യാല്‍ (ആന്ധ്രപ്രദേശ്), ഡോല്‍വി (മഹാരാഷ്ട്ര), സല്‍ബോനി (ബംഗാള്‍) എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍. അഞ്ചാമത്തെ പ്‌ളാന്റ് ഒഡിഷയിലെ ജജ്പൂരില്‍ ഈവര്‍ഷം തുറക്കുന്നതോടെ ഉത്പാദനശേഷി 14 മില്യണ്‍ ടണ്ണിലെത്തും.
ദോല്‍വി പ്ലാന്റില്‍ അധികമായി 1.8 മില്യണ്‍ ടണ്‍ കൂടി ഉത്പാദിപ്പിക്കാനുള്ള നടപടിയും ആയിട്ടുണ്ടെന്ന് ജെ.സ്.ഡബ്‌ള്യു സിമന്റ് സി.ഇ.ഒ നിലേഷ് നര്‍വേകര്‍ പറഞ്ഞു. 2020ഓടെ ഉത്പാദനശേഷി 20 മില്യണ്‍ ടണ്ണിലെത്തിക്കും. ആ വര്‍ഷം തന്നെ പ്രാരംഭ ഓഹരി വില്പനയുണ്ടാകും (ഐ.പി.ഒ). 3,000 കോടി രൂപയോളം ഐ.പി.ഒയിലൂടെ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഉത്പാദനശേഷി കൂടുതല്‍ ഉയര്‍ത്താന്‍ ആ പണം വിനിയോഗിക്കും. ഈ രംഗത്തെ മികച്ച കമ്പനികളെ ഏറ്റെടുക്കാനും ശ്രമിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സിമന്റ് കമ്പനികളില്‍ ഒന്നാകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സൗഹാര്‍ദ്ദ, പ്രീമിയം ഉത്പന്നങ്ങളായ പി.എസ്.സി സിമന്റ്, കോണ്‍ക്രീല്‍ എച്ച്.ഡി എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍. പുതിയ ഉത്പന്നമായ കോമ്‌ബോസൈറ്റ് സിമന്റ് നടപ്പുവര്‍ഷം വിപണിയിലെത്തും. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ബിഹാര്‍, ബംഗാള്‍ എന്നിവയാണ് കമ്പനിയുടെ പ്രമുഖ വിപണികള്‍. 1,700 കോടി രൂപയായിരുന്നു 201718ലെ വിറ്റുവരവ്. ഈവര്‍ഷം ഇത് 3,000 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര അര്‍ബന്‍ ഡെവലപ്‌മെന്റ് മിഷന്റെ കീഴില്‍ 500 നഗരങ്ങളും 100 സ്മാര്‍ട് സിറ്റികളും നിര്‍മ്മിക്കാനുള്ള നടപടി സിമന്റ് വിപണിക്ക് കരുത്താകും. രൂക്ഷമായ മണല്‍ക്ഷാമം നിര്‍മ്മാണ മേഖലയെ ബാധിക്കുന്നത് തടയാന്‍ 'സ്ലാഗ് സാന്‍ഡി'ന്റെ ഉത്പാദനം കമ്പനി കൂട്ടും. മണലിന് ബദലായി ഉപയോഗിക്കാവുന്നതാണ് സ്‌ളാഗ് സാന്‍ഡ്. കഴിഞ്ഞവര്‍ഷം 2.87 ലക്ഷം ടണ്‍ സ്ലാഗ് സാന്‍ഡ് കമ്പനി വിറ്റഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1,300 കോടി ഡോളര്‍ മൂല്യമുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ് ജെ.എസ്.ഡബ്ല്യു സിമന്റ്. ജെ.എസ്.ഡബ്ല്യു സ്റ്റീലാണ് ഗ്രൂപ്പിന്റെ മുന്തിയപങ്ക് വിറ്റുവരവും സംഭാവന ചെയ്യുന്നത്. ഭവന നിര്‍മ്മാണ രംഗത്തെ 'കംപ്‌ളീറ്റ് സൊല്യൂഷന്‍' ആകുക എന്ന ലക്ഷ്യവുമായി ജെ.എസ്.ഡബ്ല്യു പെയിന്റ് കമ്പനിക്ക് അടുത്തവര്‍ഷം ഗ്രൂപ്പ് തുടക്കമിടും.നടപ്പുവര്‍ഷം സെപ്തംബര്‍ പാദത്തില്‍ സിമന്റ് വിപണിയുടെ വളര്‍ച്ച പത്തു ശതമാനമായിരുന്നു. ജെ.എസ്.ഡബ്ല്യുവിന്റെ വില്പന വളര്‍ച്ച 63 ശതമാനമാണ്. ദക്ഷിണേന്ത്യയില്‍ 20 ശതമാനം വളര്‍ച്ചയും കമ്പനി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍