ജി 20: അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം

അര്‍ജന്റീന: അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗും ജി20 ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചയിലാണ് ഇറക്കുമതിക്കുള്ള തീരുവ ഇരുരാജ്യങ്ങളും വര്‍ദ്ധിപ്പിച്ചത് 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ ധാരണയായതത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് യു.എസില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യും. പ്രശ്‌നപരിഹാരത്തിനുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കും. നേരത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി അമേരിക്ക വര്‍ദ്ധിപ്പിച്ചതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര പ്രതിസന്ധി രൂക്ഷമായത്. ഈ കാലയളവില്‍ ഒരു കരാറില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ 10 ശതമാനം എന്നത് 25 ശതമാനമായി ഉയര്‍ത്തുമെന്നും അമേരിക്ക പറഞ്ഞിരുന്നു. ഇതില്‍ കാര്‍ഷിക, ഊര്‍ജ, വ്യാവസായിക മേഖലകളിലെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ചൈന സമ്മതിച്ചിരുന്നു. വില്‍പനയില്‍ കര്‍ശന നിയന്ത്രണമുള്ള ലഹരിപദാര്‍ഥമായ ഫെന്റാനില്‍ യു.എസിനു വില്‍ക്കുന്നവര്‍ക്ക് നിയമം അനുവദിക്കുന്ന പരമാവധി പിഴ ചുമത്തുമെന്ന് ചൈന അറിയിച്ചയായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. 90 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ധാരണയിലെത്താനായില്ലെങ്കില്‍ മാത്രമെ ഇറക്കുമതിക്ക് തീരുവ 25 ശതമാനമായി വര്‍ദ്ധിപ്പിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍