ഇന്ത്യന്‍ 2വിലേത് അവസാന കഥാപാത്രം; അഭിനയം നിര്‍ത്തുന്നുവെന്ന് കമലഹാസന്‍

കൊച്ചി: ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്റെ അഭിനയ ജീവിതത്തിലെ അവസാന കഥാപാത്രമായിരിക്കുമെന്ന് കമലഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനായാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു. കൊച്ചിയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റിട്വന്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതിയുടെ താക്കോല്‍ ദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അഭിനയ ജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് സാമൂഹ്യ പ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ പറഞ്ഞു. ഡിസംബര്‍ 14ന് ഇന്ത്യന്‍ 2 ചിത്രീകരണം ആരംഭിക്കും. 1996ല്‍ ഷങ്കര്‍കമല്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഇന്ത്യന്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗവുമായെത്തുകയാണ് ഇതേ കൂട്ടുകെട്ട്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.1992ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത് തേവര്‍ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കമല്‍ സംവിധാനവും ആഭിനയവും നിര്‍വ്വഹിച്ച അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതികൂടിയായ 'മരുതനായക'വും ഇനി ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ കമലിന്റെ പുതിയ പ്രഖ്യാപനത്തോടെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെയാവുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍