മറയൂര്‍ മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റ് 15ന് നിര്‍ത്തലാക്കും

മറയൂര്‍: മറയൂരില്‍ പുതിയതായി സ്ഥാപിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റ് 15ന് നിര്‍ത്തലാക്കും. നടപടിയില്‍ പ്രതിഷേധം ശക്തമായി. മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ ടാക്‌സി, ജീപ്പ് ഡ്രൈവര്‍മാരുടെ സംഘടനകളുടെയും വാഹന ഉടമകളുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് രൂപംനല്കി. ഇതിന്റെ മുന്നോടിയായി ഗതാഗത മന്ത്രിക്കും അധികൃതര്‍ക്കും നിവേദനം നല്കുന്നതിന് ഒപ്പുശേഖരണം ആരംഭിച്ചു. നീലകുറിഞ്ഞി സീസണു മുന്നോടിയായാണ് കഴിഞ്ഞ സെപ്റ്റംബര്‍ 27ന് മറയൂര്‍ ഉടുമലൈ സംസ്ഥാന പാതയില്‍ കരിമൂട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ ചെക്ക് പോസ്റ്റ് ആരംഭിച്ചത്. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതിനാല്‍ സ്വകാര്യവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് 150 കിലോമീറ്റര്‍ അകലെയുള്ള കുമളിയിലോ 90 കിലോമീറ്റര്‍ അകലെയുള്ള പൊള്ളാച്ചിയിലോ പോയി വേണമായിരുന്നു പെര്‍മിറ്റെടുക്കാന്‍. മറയൂരില്‍ ചെക്ക് പോസ്റ്റ് വന്നതോടെ ഇതിനു പരിഹാരമായിരുന്നു. ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കുന്നതോടെ പഴയ സ്ഥിതിയുണ്ടാകും. നീലക്കുറിഞ്ഞി സീസണ്‍ അവസാനിച്ചതിനാലാണ് താത്ക്കാലികമായി സ്ഥാപിച്ച ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കുന്നതെന്നാണ് ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ രാജീവ് നല്‍കുന്ന വിശദീകരണം. സര്‍ക്കാരിന്റെ പുതിയ ഉത്തരവുണ്ടായാല്‍ മാത്രമേ ചെക്ക് പോസ്റ്റ് നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. മറ്റു മേഖലകളില്‍നിന്നും ഉദ്യോഗസ്ഥരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചാണ് മറയൂരില്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകുന്ന ചെക്ക്‌പോസ്റ്റ് നിര്‍ത്തലാക്കുന്നതില്‍നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, അടിമാലി മേഖലയില്‍നിന്നുമുള്ള വാഹന ഉടമകളുടെ യോഗം ആവശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍