മിസോറം: സൊറാംതാംഗ 15ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: മിസോറമില്‍ സൊറാംതാംഗയുടെ നേതൃത്വത്തില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ് ) സര്‍ക്കാര്‍ 15ന് അധികാരമേല്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ സൊറാംതാംഗയെ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. 15ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ. 2008 മുതല്‍ ഭരണത്തിലിരുന്ന ലാല്‍ത്തന്‍ഹവാലയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് സൊറാംതാംഗയുടെ എം.എന്‍.എഫ് അധികാരം പിടിച്ചത്. 40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 26 സീറ്റു നേടി. കോണ്‍ഗ്രസിന് അഞ്ചിടത്തു മാത്രമാണ് ജയിക്കാനായത്. മുഖ്യമന്ത്രി പദത്തില്‍ 84 കാരനായ സൊറാംതാംഗയുടെ മൂന്നാമൂഴമാണ്. 1998 മുതല്‍ 2003 വരെയും 2003 മുതല്‍ 2008 വരെയും മുമ്ബ് മിസോറം മുഖ്യമന്ത്രിയായിരുന്നു. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തപോലെ സംസ്ഥാനത്ത് സമ്ബൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിര്‍ദ്ദിഷ്ട മുഖ്യമന്ത്രി സൊറാംതാംഗ പറഞ്ഞു. എന്‍.ഡി.എയിലെ കക്ഷിയായിരുന്ന എം.എന്‍.എഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. പത്തുവര്‍ഷം ഭരിച്ച ലാല്‍ത്തന്‍ഹവാല സര്‍ക്കാരിനെ പുറത്താക്കിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവശേഷിച്ച കോണ്‍ഗ്രസ് ഭരണമാണ് ഇല്ലാതായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍