ശബരിമലയില്‍ പുതിയ പോലീസ് സംഘം 14ന്

പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷാ ചുമതലയിലേക്കുള്ള മൂന്നാംഘട്ട സേന 14നു ചുമതലയേല്‍ക്കും. ഐജി എസ്. ശ്രീജിത്തിന് പമ്പയിലെയും സന്നിധാനത്തെയും മേല്‍നോട്ടച്ചുമതല നല്‍കി. നിലയ്ക്കല്‍, എരുമേലി, വടശേരിക്കര എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ്. സുരേന്ദ്രനാണ്. തുലാമാസ പൂജയ്ക്ക് ശബരിമലയിലെ മേല്‍നോട്ടചുമതലയിലുണ്ടായിരുന്ന ഐജി ശ്രീജിത്ത് അന്നു പോലീസ് വേഷത്തില്‍ യുവതിയെ മലകയറ്റാന്‍ സഹായിച്ചുവെന്ന പേരില്‍ ഏറെ പഴി കേട്ടിരുന്നു. ശബരിമല മണ്ഡല, മകരവിളക്കുകാലം നാലു ഘട്ടങ്ങളിലായാണ് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14നു ചുമതലയേല്‍ക്കുന്ന സംഘം 29 വരെ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞ് 27നു നട അടയ്ക്കുമെങ്കിലും മകരവിളക്കിനു നട തുറക്കുന്നതിനു തലേന്നു നാലാംഘട്ട സംഘം ചുമതലയേറ്റ ശേഷമേ ഇവര്‍ക്കു മടങ്ങാനാകൂ.സന്നിധാനത്തു കോഴിക്കോട് റൂറല്‍ ഡിസിപി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവര്‍ പോലീസ് കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിക്കും. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ഷാജി സുഗതന്‍ എന്നീ എസ്പിമാരാണ് കണ്‍ട്രോളര്‍മാര്‍.നിലയ്ക്കലില്‍ എറണാകുളം റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായര്‍, ക്രൈംബ്രാഞ്ച് എസ്പി ആര്‍. മഹേഷ്, എരുമേലിയില്‍ എസ്പി റെജി ജേക്കബ്, ജയനാഥ് എന്നിവരും സുരക്ഷാ ചുമതലയിലുണ്ടാകും.4,026 പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ ഘട്ടത്തില്‍ നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 389 എസ്‌ഐമാര്‍, 90 സിഐമാര്‍, 29 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്കിനോടനുബന്ധിച്ച് നിയോഗിക്കപ്പെടുന്ന പോലീസ് സംഘം 29 മുതല്‍ ജനുവരി 16വരെ ഡ്യൂട്ടിയിലുണ്ടാകും. ഏറ്റവുമധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും മകരവിളക്കിന്റെ ഈ ഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ 4,383 പേര്‍ക്കാണ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍