എന്‍പിഎസില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം 14 ശതമാനമാക്കും

ന്യൂഡല്‍ഹി: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം 14 ശതമാനമായി കൂട്ടും. ഇപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമാണു സര്‍ക്കാര്‍ അടയ്ക്കുന്നത്. വര്‍ധിപ്പിക്കാനുള്ള തീരുമാനം കാബിനറ്റ് അംഗീകരിച്ചു. ഉത്തരവ് ഈ ദിവസങ്ങളില്‍ ഉണ്ടാകും. ജീവനക്കാരുടെ വിഹിതം 10 ശതമാനം എന്നതില്‍ മാറ്റമില്ല. 2004 മുതല്‍ കേന്ദ്ര സര്‍വീസില്‍ ചേര്‍ന്നവരെല്ലാം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സംവിധാനമായ എന്‍പിഎസില്‍ അംഗങ്ങളാണ്. 2009 മുതല്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ഇതില്‍ ചേരാമെന്നായി. ചില സംസ്ഥാനങ്ങളിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും എന്‍പിഎസിലുണ്ട്. എന്‍പിഎസിലെ അംഗങ്ങള്‍ക്കു സ്വമേധയാ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനാകും. 80 സി പ്രകാരമുള്ള നികുതി ഒഴിവ് വര്‍ധിച്ച തുകയ്ക്കും ലഭിക്കും. ആ വകുപ്പുപ്രകാരം ഒന്നര ലക്ഷം രൂപവരെയാണു നികുതിയില്‍നിന്ന് ഒഴിവാകുക.കേന്ദ്രവിഹിതം വര്‍ധിപ്പിക്കുന്നതോടെ റിട്ടയര്‍മെന്റിനു ശേഷം പിരിയുന്ന ശമ്പളത്തിന്റെ 53 ശതമാനം പെന്‍ഷനായി കിട്ടാന്‍ വഴിയൊരുങ്ങും. റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍നിന്നു പിന്‍വലിക്കാവുന്ന തുക 60 ശതമാനമാക്കാനും കാബിനറ്റ് തീരുമാനിച്ചു. ഇപ്പോള്‍ 40 ശതമാനമേ പിന്‍വലിക്കാനാവൂ. ബാക്കി തുക ഏതെങ്കിലും സ്‌കീമില്‍ നിക്ഷേപിച്ച് അതില്‍നിന്നുള്ള അംശാദായം പെന്‍ഷനായി സ്വീകരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍