കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13പേരെ കണ്ടെത്താനായില്ല: തിരച്ചില്‍ തുടരുന്നു

ഷില്ലോംഗ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹത്തെ തുടര്‍ന്ന് കുടുങ്ങിയ 13 തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ഈസ്റ്റ് ജെയ്ന്റിയ മലനിരയിലെ സ്വകാര്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ പതിമൂന്നുപേര്‍ക്കായി ദേശീയ ദുരന്തനിവാരണ സേന ഇപ്പോഴും തിരച്ചില്‍ നടത്തിവരികയാണ്. വ്യാഴാഴ്ചാണ് ഖനിയില്‍ സമീപത്തെ നദിയില്‍ നിന്ന് വെള്ളം കയറിയതോടെ തൊഴിലാളികള്‍ ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താനായില്ല. മൂന്ന് ദിവസം മുന്‍പാണ് ഖനി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നദിയില്‍ നിന്ന് ജലം കരകവിഞ്ഞ് ഖനിയിലേക്ക് കയറുകയായിരുന്നു. 320അടിയോളം താഴ്ചയുള്ള ഖനിയില്‍ ഏകദേശം 70അടിയോളമാണ് വെള്ളം കയറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരന്തനിവാരണ സേന ബോട്ട് ഉപയോഗിച്ച് ഖനിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനുള്ളില്‍ ചെളിയും പൊടിയും നിറഞ്ഞതിനാല്‍ തിരച്ചില്‍ നടത്തിയവര്‍ക്ക് ഒന്നും കണ്ടെത്താനായിരുന്നില്ല.നിയമവിരുദ്ധമായി ഖനി നിര്‍മ്മിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഉടസ്ഥന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ചെറിയ പ്രവേശന കവാടമുള്ള ഖനി നിര്‍മ്മാണം നടത്തുന്നത് മേഘാലയയില്‍ വിലക്കിക്കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ ഉത്തരവിറക്കിയിരുന്നു. ദുരന്ത നിവാരണ വകുപ്പ് മന്ത്രി കിര്‍മെന്‍ ഷില്ല ഇത് സംബന്ധിച്ച് ജില്ലാ അധികാരികളോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍