കണ്ണൂരില്‍നിന്ന് ജനുവരിയോടെ പ്രതിദിനം 13 ഫ്‌ളൈറ്റുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ പ്രതിദിനം 13 ഫ്‌ളൈറ്റുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ്. വിമാനത്താവള ടെര്‍മിനലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിര്‍മാണ ച്ചെലവ്. ഭൂമിവില ഉള്‍പ്പെടെ 1892 കോടി രൂപയാണ് ആദ്യം കണക്കാക്കിയിരുന്നത്. ഒരു വര്‍ഷം 250 കോടി രൂപയാണ് പ്രവര്‍ത്തനച്ചെലവായി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഒന്‍പതിനു വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുംഅദ്ദേഹം പറഞ്ഞു. ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതിനുതന്നെ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകും. രാവിലെ പത്തിന് കണ്ണൂരില്‍നിന്നുള്ള ആദ്യസര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാത്രി ഏഴിനാണ് അബുദാബിയില്‍നിന്ന് തിരിച്ചുള്ള വിമാനം. ഉദ്ഘാടനദിവസം മാത്രമായിരിക്കും ഈ സമയത്ത് സര്‍വീസ്. മറ്റു ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെടുന്ന വിമാനം രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് തയാറായിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപ്പണിയിലുള്ള ഒരു വിമാനംകൂടി എത്തുന്നതോടെ മസ്‌കറ്റിലേക്കും സര്‍വീസ് നടത്തും. അതോടൊപ്പം ആഴ്ചയില്‍ നാലുദിവസം മാത്രമുള്ള ഷാര്‍ജ സര്‍വീസ് ദിവസേനയാക്കും.ഡിസംബറില്‍തന്നെ ഗോ എയറിന്റെ ആഭ്യന്തര സര്‍വീസും ആരംഭിക്കാന്‍ കഴിയും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ സര്‍വീസ് നടത്തുക. അന്താരാഷ്ട്ര സര്‍വീസിനും ഗോ എയര്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ അബുദാബി, ദമാം, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ദോഹ, കുവൈത്ത് സര്‍വീസിനും ഗോ എയറിന് പദ്ധതിയുണ്ട്. ഇന്‍ഡിഗോ ജനുവരി പകുതിയോടെ ബംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹൂബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ആദ്യദിവസം മുതല്‍ത്തന്നെ കാര്‍ഗോ സര്‍വീസിനും താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. എയര്‍ ഇന്ത്യ എയര്‍ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡുമായി ഇതിന് ധാരണയായി. യാത്രക്കാര്‍ക്ക് ബാഗേജുകള്‍ കൗണ്ടറില്‍ കൊണ്ടുപോയി ചെക്ക് ചെയ്യേണ്ട ആവശ്യമില്ലാത്ത സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീന്‍ സൗകര്യം കേരളത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്നത് കണ്ണൂരിലാണെന്ന് തുളസിദാസ് പറഞ്ഞു. ഹാന്‍ഡ് ബാഗേജുകളും ബോര്‍ഡിംഗ് പാസുകളും സ്റ്റാമ്പ് ചെയ്യാതെ സെക്യൂരിറ്റി സ്‌ക്രീനിംഗ് നടത്താനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും. കിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എന്‍ജിനിയറിംഗ്) കെ.പി.ജോസ്, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.പ്രദീപ്കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്) ബിനു ഗോപാല്‍, മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലാന്‍ഡ്) തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍