സിയാല്‍: നവീകരിച്ച ഒന്നാം ടെര്‍മിനല്‍ 12ന് തുറക്കും

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 240 കോടി രൂപ ചെലവില്‍ നവീകരിച്ച ആഭ്യന്തര ടെര്‍മിനല്‍1ന്റെയും സൗരോര്‍ജ ഉത്പാദന ശേഷി മൊത്തം 40 മെഗാവാട്ടായി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം 12ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിയും സിയാല്‍ ഡയറക്ടറുമായ വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ആമുഖ പ്രഭാഷണം നടത്തും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്ന് ആറു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലേക്കാണ് ആഭ്യന്തര ടെര്‍മിനല്‍ മാറുന്നത്. കഴിഞ്ഞവര്‍ഷം 1,100 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച രാജ്യാന്തര ടെര്‍മിനല്‍ ടി3, പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ്, നേരത്തേ അന്താരാഷ്ട്ര ടെര്‍മിനലായി പ്രവര്‍ത്തിച്ചിരുന്ന ടെര്‍മിനല്‍1 അത്യാധുനികമായും കേരളത്തനിമ ഉള്‍ക്കൊണ്ടും നവീകരിച്ചത്. നവീകരിച്ച ടെര്‍മിനലില്‍ ഏഴ് എയ്‌റോ ബ്രിഡ്ജുകള്‍ ഉണ്ടാകുമെന്ന് വി.ജെ. കുര്യന്‍ പറഞ്ഞു. ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ നിലവിലെ ഉത്പാദനശേഷി 30 മെഗാവാട്ടാണ്. ടെര്‍മിനല്‍1 പ്രവര്‍ത്തന സജ്ജമാകുന്നതിന്റെ ഭാഗമായാണ് ഉത്പാദനശേഷി കൂട്ടുന്നത്. സൗരോര്‍ജ കാര്‍പോര്‍ട്ടുകളുടെ ശേഷി 5.1 മെഗാവാട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ കാര്‍പോര്‍ട്ടുള്ള വിമാനത്താവളമെന്ന പെരുമയും സിയാലിന് സ്വന്തമാണ്. സൗരോര്‍ജ ഉത്പാദനത്തിലെ മികവ് പരിഗണിച്ച് ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യന്‍ ഒഫ് എര്‍ത്ത് പുരസ്‌കാരം സിയാലിന് ലഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍