സോളാര്‍ പാനല്‍ വഴി 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും: മന്ത്രി മണി

കോതമംഗലം: വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ സോളാര്‍ പാനല്‍ വഴി 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി മന്ത്രി എം.എം.മണി. കോതമംഗലത്ത് കെഎസ്ഇബി സബ്‌സ്റ്റേഷന്റെ പ്രസരണശേഷി വര്‍ധിപ്പിച്ച് 220 കെ.വിയാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. സബ് സ്റ്റേഷന്‍ നവീകരണത്തിന് 63.60 കോടിയും ലൈന്‍ നിര്‍മാണത്തിന് 10.3 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 2020 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ചില ആദിവാസികുടികളിലൊഴിച്ച് മറ്റെല്ലായിടത്തും വൈദ്യുതി എത്തിച്ചന്നും ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണെന്നു മന്ത്രി അവകാശപ്പെട്ടു. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, കെ.എ.നൗഷാദ്, അനൂപ് ഇട്ടന്‍, സലിം ചെറിയാന്‍, ആര്‍. അനില്‍കുമാര്‍, എം.എസ്. എല്‍ദോസ്, എം.കെ. രാമചന്ദ്രന്‍, മൈതീന്‍ മുഹമ്മദ്, ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പേറേഷന്‍ ഡയറക്ടര്‍ പി. വിജയകുമാരി, കെ. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ പി. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1940ല്‍ തിരുവിതാകൂര്‍ രാജഭരണകാലത്താണ് കോതമംഗലം സബ് സ്റ്റേഷന്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ ഗ്രിഡ് സബ്‌സ്റ്റേഷന്‍ കൂടിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍