'പരസ്യപ്രചാരണം'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയുടെ ടെലിവിഷന്‍ ചാനലുകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള പരസ്യം ഏതുതരത്തിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. പരസ്യങ്ങള്‍ക്ക് ബിജെപി ചെലവഴിക്കുന്ന തുക വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് പുറത്തുകൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി പറഞ്ഞു. ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂര്‍ത്തരൂപമാണിത്. സ്യൂട്ട് ബൂട്ട് സര്‍ക്കാരിന്റെ സത്തയാണിതെന്നും അദ്ദേഹം ആരോപിച്ചു.ബ്രോഡ്കാസ്റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്)നിന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ വിളിച്ചുവരുത്തുകയും ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവ് എത്രപണമാണ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് അന്വേഷിക്കണമെന്നും മനീഷ് തീവാരി ആവശ്യപ്പെട്ടു. വന്‍കിട വ്യവസായികളുടെ ഉപഭോക്തൃ ഉത്പന്നങ്ങളെ പോലും മറികടന്നാണ് ബിജെപിയുടെ പരസ്യം മുന്നില്‍ നില്‍ക്കുന്നതെന്ന് ബ്രോഡ്കാസ്റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) റേറ്റിംഗ് പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ കുതിച്ചു ചാട്ടമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വന്‍കിട നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവര്‍ നല്‍കുന്ന പരസ്യങ്ങളെ പോലും മറികടന്നാണ് ബിജെപിയുടെ മുന്നേറ്റം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍