ബാഴ്‌സലോണയില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട് മെസി


ലയണല്‍ മെസി ബാഴ്‌സലോണയില്‍ 15 വര്‍ഷം പിന്നിട്ടു.2003 നവംബര്‍ 16 നാണ് മെസി ആദ്യമായി ബാഴ്‌സലോണയ്ക്കു വേണ്ടി ഔദ്യോഗികമായി കളിക്കാനിറങ്ങിയത്.നീണ്ട പതിനഞ്ചു വര്‍ഷത്തിനിപ്പുറം മെസിയെന്ന സൂപ്പര്‍ താരം ബാഴ്‌സലോണയില്‍ തന്നെ തുടരുന്നു.ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സയുടെ ജഴ്‌സിയിലല്ലാതെ മെസിയെ കണ്ടിട്ടുണ്ടാവില്ല.ഇനി മറ്റൊരു ക്ലബ്ബ് ജഴ്‌സിയില്‍ അദ്ദേഹത്തെ കാണാനിടയുണ്ടെന്നും തോന്നുന്നില്ല.അത്രയ്ക്കും സ്പാനിഷ് ക്ലബ്ബിന്റെ ഭാഗമായി അദ്ദേഹം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.അര്‍ജന്റീനയിലെ റൊസാരിയോ എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച ലെയണല്‍ മെസി ഇന്നത്തെ സൂപ്പര്‍ താരമായതിനു പുറകില്‍ ബാഴ്‌സലോണയുടെ പങ്ക് വളരെ വലിയതാണ്.ലാലിഗയിലെ വമ്പന്‍മാരായ ബാഴ്‌സയും മെസിയും തമ്മിലുള്ള ബന്ധം ഏറെ വൈകാരികമാണ്.
റൊസാരിയോയിലെ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസിയുടെ മകനായ ലെയണല്‍ കുഞ്ഞുനാളില്‍ തന്നെ വിസ്മയകരമാംവിധം പന്തുതട്ടുമായിരുന്നു. ഹൊറാസിയോയാകട്ടെ തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയും പ്രാദേശിക ക്ലബ്ബായ ഗ്രേന്‍ ഡോളിയുടെ കോച്ചും.എട്ടാം വയസ്സില്‍ റൊസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് വോയ്‌സ് ക്ലബ്ബിന്റെ ക്യാമ്പില്‍ ലയണലിനെ പിതാവ് ചേര്‍ത്തു.
എന്നാല്‍ 11-ാം വയസ്സില്‍ ശാരീരിക അവശതകളും ഹോര്‍മോണ്‍ തകരാറുകളും കുരുന്നു പ്രതിഭയെ തളര്‍ത്തി.അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവര്‍ പ്ലേറ്റിന് മെസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു.തങ്ങളുടെ ടീമിലേക്കു തെരഞ്ഞെടുത്തുവെങ്കിലും മെസിക്ക് ചികിത്സ നല്‍കുവാന്‍ തക്ക സാമ്പത്തിക ഭദ്രത ക്ലബ്ബിനുണ്ടായിരുന്നില്ല.സാധാരണക്കാരായിരുന്ന കുടുംബം ഇതോടെ നിരാശയിലായി.നല്ല ചികിത്സ ലഭിച്ചാല്‍ ശാരീരിക പ്രശ്‌നങ്ങളെ അതിജീവിച്ച് നല്ലൊരു ഫുട്‌ബോള്‍ താരമാകാന്‍ മെസിക്കു കഴിയുമെന്നു ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിരുന്നു.പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസരത്തിലാണ് ദൈവദൂതനെപ്പോലെ സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്‌സലോണയുടെ സപോര്‍ട്ടിംഗ് ഡയറക്ടര്‍ കാര്‍ലെസ് റെക്‌സിച്ച് മെസിയുടെ കളി കാണുന്നത്.ആശ്ചര്യജനകമായ പന്തടക്കവും ഡ്രിബ്ലിംഗ് പാടവവും അദ്ദേഹത്തിനെ അമ്പരപ്പിച്ചു.എന്തു ചികിത്സ നല്‍കിയും മെസിയെ ബാഴ്‌സലോണ ഏറ്റെടുക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു.ബാഴ്‌സയുടെ ജൂനിയര്‍ ക്യാമ്പില്‍ മെസി എത്തപ്പെട്ടു.പിന്നീടു നടന്നത് ചരിത്രം.ആധുനിക ഫുട്‌ബോളിന്റെ മിശിഹ അവിടെ ഉയിര്‍ക്കൊണ്ടു.
2003 നവംബര്‍ 16 ന് മെസി ബാഴ്‌സലോണയുടെ സീനിയര്‍ ജഴ്‌സിയില്‍ ആദ്യമായി ലാലീഗില്‍ കളിക്കാനിറങ്ങുമ്പോള്‍ വയസ്സ് 16.ഒന്നര പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ 32 കിരീടങ്ങള്‍,566 ഗോളുകള്‍ മെസി ബാഴ്‌സയ്ക്കായി നേടി.രാജ്യാന്തര തലത്തില്‍ അര്‍ജന്റീന വിട്ട് സ്‌പെയിനിനു വേണ്ടി കളിക്കാന്‍ ബാഴ്‌സലോണ അധികൃതരും സ്‌പെയിന്‍ ഭരണാധികാരികളും മെസിയോട് പല തവണ അഭ്യര്‍ത്ഥിച്ചെങ്കിലും ജനിച്ച നാടിനെ മറക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത്രയ്ക്കും ജന്മനാട് മെസിക്ക് പ്രിയപ്പെട്ടതാണ്.തന്റെ രാജ്യത്തിനുവേണ്ടി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം മാത്രമേ മെസിക്കു ഇനി ബാക്കിയുള്ളൂ.അതിനു അദ്ദേഹത്തിനു കഴിയുമോ എന്നു കാലം തീരുമാനിക്കട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍