നാടിന്റെ പുരോഗതിക്ക് സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത നേടണം: ഫഹദ് ഫാസില്‍

കോതമംഗലം: നാടിന്റെ പുരോഗതിക്കു സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത നേടണമെന്നു സിനിമാതാരം ഫഹദ് ഫാസില്‍. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്തു നടന്ന വനിത സംഗമം 'പെണ്‍മ 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ ഉന്നമനമാണ് എന്റെ നാട് കൂട്ടായ്മയുടെ ലക്ഷ്യമെന്നും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ കൂട്ടായ്മയ്ക്കു ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാമിത്രം പ്രസിഡന്റ് സലോമി എല്‍ദോസ് അധ്യക്ഷത വഹിച്ചു. 'പെണ്‍മ 2018' നടപ്പാക്കുന്ന പൂമ്പാറ്റ പദ്ധതിയുടെ ഉദ്ഘാടനം എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വഹിച്ചു. എന്റെനാട് ജനകീയ കൂട്ടായ്മയുടെ ശക്തി വിളിച്ചോതി കോതമംഗലം നഗരത്തില്‍ നടന്ന റാലിയെ തുടര്‍ന്നാണ് വനിതാ സംഗമം നടന്നത്. നഗരസഭയില്‍നിന്നും സമീപ പഞ്ചായത്തുകളില്‍നിന്നുമായി ആയിരക്കണക്കിനു വനിതകള്‍ പങ്കെടുത്ത റാലി കോതമംഗലം നഗരത്തെ ജനസാഗരമാക്കി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച റാലി ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതകളുടെ ശിങ്കാരി മേളങ്ങളും നാസിക് ഡോളുകളും നിശ്ചലദ്യശ്യ കലാരൂപങ്ങളും മുത്തുക്കുടകളും കൊടി തോരണങ്ങളും ബലൂണുകളും റാലിയുടെ ശോഭകൂട്ടി. ബിജി ഷിബു, സലോമി എല്‍ദോസ്, നിര്‍മല ജോയ്, ജെസി ജോര്‍ജ്, ജാന്‍സി പൗലോസ്, സുധ ശ്രീധരന്‍, ഷില സാബു, രഹ്ന നൂറുദ്ദീന്‍, ഉഷ ബാലന്‍ എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി. ബിജി ഷിബു, ഡാമി പോള്‍, കെ.എം.കുര്യാക്കോസ്, സി.കെ. സത്യന്‍, കെ.പി. കുര്യാക്കോസ്, ജോര്‍ജ് അന്പാട്ട്, ജേക്കബ് ഇട്ടുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍