ഷാനവാസിന് അന്ത്യാഞ്ജലി









കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസ്(67) ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളിയില്‍ നടത്തും.
അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്‌ന.
കെഎസ്‌യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച ഷാനവാസ് കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലെത്തി.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ.റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്കാണ് ഷാനവാസ് വിജയം ആവര്‍ത്തിച്ചത്.
x

മൃതദേഹം കൊച്ചിയില്‍ പൊതു ദര്‍ശനത്തിന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍