പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താവണം പ്രാദേശികാസൂത്രണം: മന്ത്രി മൊയ്തീന്‍

തിരുവനന്തപുരം: ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്താവണം അതതിടത്തെ പ്രാദേശികാസൂത്രണമെന്നു തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍. പരിസ്ഥിതിക്കു കോട്ടം തട്ടാതെ എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന ശാസ്ത്രീയ കാഴ്ചപ്പാടും ആസൂത്രണവും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഉണ്ടാവണമെന്ന് അദ്ദേഹം പ്രസിദ്ധീകരണത്തിനു നല്‍കിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലും വികസന പ്രശ്‌നങ്ങളുടെ സ്വഭാവം മാറുകയാണ്; അതോടൊപ്പം പുതിയ പ്രതിസന്ധികളും തലയുയര്‍ത്തുന്നുണ്ട്. ഏറെ പ്രത്യേകതകളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ വികസന പരിപാടി മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രമെടുത്താല്‍ മലനാടിന്റെയും തീരപ്രദേശത്തിന്റെയും നല്ലൊരു ഭാഗം പരിസ്ഥിതിലോലമാണ്. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത്, ദീര്‍ഘകാല ലക്ഷ്യങ്ങളോടെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുത്തു വേണം വികസനത്തിന്റെ മുന്‍ഗണനയും ഊന്നലുകളും കരുപ്പിടിപ്പിക്കാന്‍. നവകേരള കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും മിഷന്‍ വകുപ്പ് ചുമതലക്കാരുടെയും ദ്വിദിന ശില്പശാല നവംബര്‍ 27, 28 തീയതികളില്‍ നടക്കുകയാണ്. സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യവും ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളുടെ പ്രവര്‍ത്തനപുരോഗതിയും വിശദമായി വിലയിരുത്തുന്നതിനുള്ള അവസരമായി ഇതു മാറും. ഭാവിപരിപാടികള്‍ രൂപപ്പെടുത്തുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ശില്പശാല വേദിയാവും. കേരളത്തിലും രാജ്യമൊട്ടാകെയും നടക്കുന്ന വികസന സംവാദങ്ങള്‍ക്ക് ഈ ഒത്തുചേരല്‍ മുതല്‍ക്കൂട്ടാവും. സ്ത്രീശക്തീകരണത്തിന്റെയും പ്രാദേശികാസൂത്രണത്തിന്റെയും കേരള മാതൃകയെ രാജ്യം ഉറ്റുനോക്കുകയാണ്. കുടുംബശ്രീയുടെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ പകര്‍ത്തിയതിനു പിന്നാലെ, കേരളത്തിലെ ജനകീയാസൂത്രണം ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) എന്ന പേരില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിരിക്കുന്നു. നാടിന്റെ വികസനത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നു പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരും തിരിച്ചറിഞ്ഞതിന്റെ തെളിവായി നവകേരള മിഷനുകളിലെ വമ്പിച്ച ജനപങ്കാളിത്തം. പതിനായിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുമിച്ച് അണിനിരക്കുന്ന ശുചീകരണ യജ്ഞങ്ങളും തണ്ണീര്‍ത്തട സംരക്ഷണ ദൗത്യങ്ങളും നാടിന് പുതിയ അനുഭവമായി. പതിനായിരക്കണക്കിനു ഹെക്ടര്‍ തരിശുനിലം കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിഞ്ഞതു ഹരിതകേരളം കാമ്പെയിനിന്റെ വിജയമാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ നാടെങ്ങും ജൈവ കൃഷിയുടെ വക്താക്കളും പ്രചാരകരുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. നാടിന്റെ ഹരിതസമൃദ്ധി തിരിച്ചു വരികയാണ്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തകര്‍ ശുചിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പതാകവാഹകരായി ജനങ്ങള്‍ക്കു മുന്നിലുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രോജക്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപകമായി നടപ്പിലാക്കി വരികയാണ്. അതിനു സമാന്തരമായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനുള്ള സാധ്യതകളും സര്‍ക്കാര്‍ ആരായുന്നുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ വലിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഓരോ സ്‌കൂള്‍ വീതം മികവിന്റെ കേന്ദ്രമായി മാറും. ഒരു സ്‌കൂളിന് അഞ്ചു കോടി വീതം 700 കോടി രൂപ ഇതിനു വേണ്ടി ചെലവഴിക്കും. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. 2018 19ല്‍ 503 കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍