പമ്പയിലെ രാത്രികാല നിയന്ത്രണം നീക്കി; കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തും

പമ്പ: പമ്പയില്‍ രാത്രികാല നിയന്ത്രണം പൊലീസ് നീക്കി. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുള്ള നിയന്ത്രണവും എടുത്തു കളഞ്ഞിട്ടുണ്ട്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ ആണ് പൊലീസിന്റെ നടപടി. ശബരിമല നട രാത്രി പതിനൊന്നു മണിക്ക് അടക്കുന്നതിനാല്‍ ഒന്‍പതു മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണി വരെ ആയിരുന്നു നിയന്ത്രണം. എന്നാല്‍ ശബരിമലയിലെ നിയന്ത്രണങ്ങളെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നടപടി. ഇന്നലെ രാത്രി മുതലാണ് പോലീസ് പമ്പയിലെ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞത്.ഇതിനോടൊപ്പം നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്. ഇനി മുതല്‍ രാത്രി ഒന്‍പതു മണിക്ക് ശേഷവും കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തും. നേരത്തെ പമ്പയില്‍ ഏര്‍പ്പെടുത്തിയിരുന്ന പകല്‍ നിയന്ത്രണവും പൊലീസ് നീക്കിയിരുന്നു. രാവിലെ 11. 30 മുതല്‍ 2 മണി വരെയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണം. എന്നാല്‍ സുരക്ഷാ പരിശോധനകളുടെ കാര്യത്തില്‍ വിട്ടു വീഴ്ച പാടില്ലെന്ന നിര്‍ദേശവും ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍