ചിദംബരത്തിനെതിരെ നടപടിക്ക് അനുമതി

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ പി.ചിദംബരത്തിനെ പ്രൊസീക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി പട്യാലാ കോടതി സി.ബി.ഐയെ അറിയിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികളായ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ നിറുത്തലാക്കിയതിന് തെളിവു ലഭിച്ചെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. 
ഇരുവരെയും 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികളായ മറ്റ് അഞ്ചുപേര്‍ക്കെതിരെ നടപടിക്ക് അനുമതി തേടാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഡിസംബര്‍ 18നു വീണ്ടും പരിഗണിക്കും.
വിദേശത്തെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചും പണത്തിന്റെ ഉറവിടം സംബന്ധിച്ചും ചിദംബരം തെറ്റിദ്ധരിപ്പിച്ചതായി എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് സി.ബി.ഐ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ നിറുത്തലാക്കിയതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. 
ചിദംബരവും മകനും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നീട്ടണമെന്നും ഇരുവര്‍ക്കും വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. എയര്‍സെല്‍ മാക്‌സിസ് കമ്പനിയിലേക്ക് വിദേശനിക്ഷേപത്തിന് 2006ല്‍ ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയെന്നാണ് കേസ്. 600 കോടി രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന് കാബിനറ്റിന്റെ സാമ്പത്തിക കാര്യ കമ്മിറ്റിയുടെ അനുമതി തേടണമെന്ന ചട്ടം ലംഘിച്ചു. ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സര്‍വീസസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 800 ദശലക്ഷം ഡോളര്‍ ( 3,560 കോടി ) നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്.180 കോടി എന്ന് തെറ്റായി കാണിച്ചായിരുന്നു ഇടപാട്. നിയമവിരുദ്ധ അനുമതിക്ക് കൈക്കൂലിയായി മകന്‍ കാര്‍ത്തിയുമായി ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമറ്റിഡ് (എ.എസ്.സി.എല്‍), ചെസ് മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പണം ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍