ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

കണ്ണൂര്‍: ദേശീയപാത ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമസ്ഥര്‍ ഉടന്‍ ഹാജരാകണമെന്നും ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം ഇറക്കിയതോടെ നേരത്തെയുള്ള അലൈന്‍മെന്റില്‍ മാറ്റമില്ല എന്ന് ഉറപ്പായി. 90 മീറ്റര്‍ വീതിയുള്ള കീഴാറ്റൂര്‍ നെല്‍വയല്‍ കീറിമുറിച്ച് 45 മീറ്റര്‍ വീതിയില്‍ നാല്‌വരി പാതയാണ് വരുന്നത്. വയല്‍ നികത്തി റോഡ് പണിയുന്നതിന് വേണ്ടി ഏതാണ്ട് 10 ലക്ഷം ടണ്‍ മണ്ണ് വേണ്ടിവരുമെന്നാണ് കണക്ക്. വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പിന്നീടിത് സി.പി.എം നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായതോടെയാണ് സംസ്ഥാനത്ത് തന്നെ ശ്രദ്ധനേടുന്നത്. പരിസ്ഥിതി സംഘടനകളും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും ബി.ജെ.പി മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ വാക്ക് വിശ്വസിച്ച് കേന്ദ്ര സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വയല്‍ക്കിളികളും നാട്ടുകാരും. സമരനായകരായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഡല്‍ഹിയിലെത്തിച്ച് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വിദഗ്ധ പരിസ്ഥിതി സമിതിയെ കൊണ്ടുവരാനും ബി.ജെ. പിയുടെ ശ്രമംകൊണ്ട് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന സമരം നിഷ്ഫലമാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍