ഫെബ്രുവരിയില്‍ സമ്പൂര്‍ണ കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: ഭരണ കാലാവധി അവസാനിക്കാനിരിക്കേ നരേന്ദ്ര മോദി സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിന് പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കും. പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം തന്നെ നടക്കാനിരിക്കേ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പൊതു ബജറ്റ് അവതരിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനമന്ത്രാലയം കത്തയച്ചിട്ടുണ്ട്. വിവരങ്ങള്‍ ഈ മാസം മുപ്പതിനകം നല്കണം. പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ നീക്കമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. 2019 മേയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സാധാരണ ഗതിയില്‍ വോട്ട് ഓണ്‍ അക്കൗണ്ടിനാണ് സാധ്യതയുണ്ടായിരുന്നത്. എന്നാല്‍, ഈ രീതി മറികടന്നാണ് മോദി സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബജറ്റിന് മുന്‍പായി പതിവ് പോലെ സാന്പത്തിക സര്‍വേയും അവതരിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുന്നതിനായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ ഒരു സമിതിയേയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍