മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം; പോലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാദാപുരം: കോഴിക്കോട്, വയനാട് ജില്ലകളുടെ വന മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വീണ്ടും സജീവമാകുന്നു. പശ്ചിമഘട്ടങ്ങളുടെ കിഴക്കന്‍ മലയോര മേഖല പ്രദേശങ്ങളിലാണ് അടുത്തിടെയായി മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നത്. ഇരുപതോളം പേരാണ് സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് ഈ മേഖലകളിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. 2013 ലാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വാളൂക്ക്, മുക്കൂട്ട്, പാനോം തുടങ്ങി മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് നിരോധിത മാവോയിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള മാവോ വാദികളെ ഈ പ്രദേശങ്ങളില്‍ ഈ വര്‍ഷം 18 തവണ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൂരണി, പക്രംതളം എന്നിവിടങ്ങളിലാണ് അടുത്തിടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം ആദ്യ വാരം പക്രംതളത്തിനടുത്ത കൊങ്ങാട് മലയോരത്ത് സുന്ദരിയുള്‍പ്പെടുന്ന മൂന്നംഗ സായുധസംഘം എത്തിയ സംഭവത്തില്‍ തൊട്ടില്‍പാലം പോലീസ് യുഎപിഎ ആക്ട് പ്രാകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ചൂരണി മലയോരത്തും മാവോയിസ്റ്റ് സംഘമെത്തിയത്. സംഘം വയനാട് ജില്ലയിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. വയനാട്ടിലെ ചാപ്പ കോളനി കേന്ദ്രീകരിച്ചാണ് പ്രധാന പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ നിന്ന് വനത്തിലൂടെ കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ചേരാമെന്നതാണ് ഇവര്‍ക്ക് അനൂകൂലമാവുന്നത്. 2016 ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച കുപ്പു ദേവരാജ്, അജിത എന്നിവരുടെ രക്ത സാക്ഷി ദിനം ആചരിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റൂറല്‍ ജില്ലയിലെ വന മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന തൊട്ടില്‍പ്പാലം, വളയം. പെരുവണ്ണാമൂഴി, താമരശേരി, കൂരാച്ചുണ്ട്, തിരുവമ്പാടി എന്നീ പോലീസ് സറ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളില്‍ രാത്രി കാല സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍