അബുദാബിയില്‍ 'അമ്മ' സ്റ്റേജ് ഷോ; പരാതിക്കമ്മിറ്റിയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡബ്ല്യൂസിസി

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുന്ന സാഹചര്യത്തില്‍ റിഹേഴ്‌സലിലും യാത്രകളിലും ഷോയിലും ഉള്‍പ്പെടെ പരാതിക്കമ്മിറ്റിയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി ഹൈക്കോടതിയില്‍.സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയോടനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിലാണ് ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിച്ചത്. 'അമ്മ'യില്‍ പീഡന പരാതികള്‍ പരിഗണിക്കാന്‍ നിയമപ്രകാരമുള്ള സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നേരത്തെ നല്‍കിയ ഹര്‍ജിയില്‍ സമിതി നിലവിലുണ്ടെന്ന് അമ്മയുടെ അഭിഭാഷകന്‍ ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. എന്നാല്‍ 2013 ലെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള സമിതിയല്ല നിലവിലുള്ളതെന്നും പുറത്തുനിന്നുള്ള സ്വതന്ത്ര അംഗം സമിതിയിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ വാദം. തുടര്‍ന്ന് ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ 'അമ്മ'യുടെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേരള ഫിലിം ചേംബര്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍