ക്രൂഡോയില്‍ വില കൂപ്പുകുത്തി, പെട്രോള്‍ വില കുറയുമോ?

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിയുകയാണ്. ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വന്‍ നേട്ടമാണ്. കഴിഞ്ഞമാസം വരെ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിലേക്ക് തിരിച്ചെത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഉത്പാദനം വീണ്ടും കൂടിയതോടെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞമാസം ബാരലിന് 84 ഡോളര്‍ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ 60 ഡോളറിലാണുള്ളത്.ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ക്രൂഡോയില്‍ വില കൂപ്പുകുത്തുന്നത് അനുഗ്രഹമായി മാറുകയാണ്. പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്ക്. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനവിന്റെ ചുവട് പിടിച്ച് ലിറ്ററിന് നൂറിനടത്ത് വരെ എണ്ണവില എത്തിയിരുന്നു. എന്നാല്‍ മൂന്നാഴ്ചയായി വില താഴ്ന്നു വരുന്നത് സര്‍ക്കാരിനും, പൊതുജനത്തിനും ആശ്വാസമാവുകയാണ്. പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി പെട്രാളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇതിലൂടെ എണ്ണവിലയില്‍ പത്ത് രൂപയ്ക്ക് മേല്‍ കുറവുണ്ടാവുമെന്ന് കണക്കാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍