പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയുടെ ഗുണനിലവാരവും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ജനസൗഹൃദമാക്കാന്‍ 717 കോടി രൂപയുടെ വികസനപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ആദ്യഘട്ടമായി 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ.റംല ബീവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എ.ടി ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സാത്തീസിന്റെ സംഭാവന 10 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍