എംജിയില്‍ ബിരുദ പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍

കോട്ടയം: ബിരുദ പരീക്ഷയ്ക്കു കോളജുകളില്‍ ഓണ്‍ലൈനായി ചോദ്യക്കടലാസ് നല്‍കുന്ന സംവിധാനമൊരുക്കിയിരിക്കുകയാണ് എംജി യൂണിവേഴ്‌സിറ്റി. ബിരുദാനന്തര ബിരുദ പരീക്ഷകള്‍ക്കു സര്‍വകലാശാല വിജയകരമായി നടപ്പാക്കിയ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംവിധാനമാണ് ബിരുദ പരീക്ഷകള്‍ക്കും ഏര്‍പ്പെടുത്തുന്നത്.196 കോളജുകളില്‍ 27ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ സിബിസിഎസ് 2017 പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. സര്‍വകലാശാല തയാറാക്കിയ ചോദ്യബാങ്കില്‍നിന്നു കംപ്യൂട്ടര്‍ തെരഞ്ഞെടുക്കുന്ന ചോദ്യക്കടലാസ് പരീക്ഷാദിവസം ഓണ്‍ലൈനായി കോളജുകള്‍ക്കു ലഭ്യമാക്കും. കോളജുകള്‍ ഇവ ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കും. വളരെയധികം സുരക്ഷാസംവിധാനങ്ങളുള്ള സെക്വര്‍ ക്വസ്റ്റ്യന്‍പേപ്പര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിലൂടെയാണ് ചോദ്യപേപ്പറുകള്‍ ലഭ്യമാക്കുക. ചോദ്യപേപ്പറുകള്‍ കോളജുകള്‍ക്കു നല്‍കുന്നതിനു പ്രത്യേക വെബ്‌സൈറ്റും പ്രിന്‍സിപ്പല്‍മാര്‍ക്ക് ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കും. ഇതുപയോഗിച്ചാണ് ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. പരീക്ഷ നടക്കുന്നതിന് നിശ്ചിത സമയത്തിന് മുമ്പാണ് ചോദ്യപേപ്പര്‍ ഓണ്‍ലൈനായി കോളജുകള്‍ക്ക് നല്‍കുക. ചോദ്യബാങ്കില്‍ നിന്ന് കമ്പ്യൂട്ടര്‍ മുഖേന ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിനാല്‍ അഞ്ചുവര്‍ഷത്തേക്ക് ചോദ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രത്യേകതയുണ്ട്. ചോദ്യങ്ങള്‍ ഓരോ വര്‍ഷവും പുതുക്കും. ചോദ്യക്കടലാസ് അച്ചടിച്ച് കോളജുകളില്‍ എത്തിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളില്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം പരിഹാരമാകും. ഉച്ചയ്ക്ക് ഒന്നര മുതല്‍ നാലര വരെയാണ് പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ സംവിധാനം നടപ്പാക്കുന്നതിനോടനുബന്ധിച്ച് പരീക്ഷാചുമതലയുള്ള അഡീഷണല്‍ ചീഫ് സൂപ്രണ്ട്, അധ്യാപകഅനധ്യാപക ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്ന പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളടക്കം എല്ലാ സംവിധാനങ്ങളും സേവനങ്ങളും ഓണ്‍ലൈനാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റംഗം ഡോ.പി.കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കറ്റംഗങ്ങളായ ഡോ.ആര്‍. പ്രഗാഷ്, ഡോ.എ. ജോസ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിന്റെഅന്തിമ ട്രയല്‍ 19, 22, 24 തീയതികളില്‍ നടക്കുമെന്ന് ഡോ. ആര്‍. പ്രഗാഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍