ഹ്യൂമേട്ടന്‍ ഇനി അവരുടെ ഹ്യൂം ഭായി....

കേരളത്തിന്റെ ഹ്യൂമേട്ടന്‍ ഇനി പൂനെക്കാരുടെ സ്വന്തം ഹ്യൂം ഭായി..പരുക്കിന്റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നൈസായി ഒഴിവാക്കിയതാണ് ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനെ. മാനേജ്‌മെന്റിന്റെ ഈ നടപടി വളരെ ദുഃഖത്തോടെ ആയിരുന്നു ഹ്യൂം ആരാധകരുമായി ട്വിറ്ററില്‍ പങ്കുവെച്ചത്.അതൊക്കെ ഇനി പഴയ കഥ.ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയെങ്കിലും പൂനെ എഫ്.സി ഹ്യൂമിനെ ടീമിലെടുത്തു.അവര്‍ക്ക് പരിക്കൊന്നും പ്രശ്‌നമായിരുന്നില്ല.പറ്റുന്ന മത്സരങ്ങളില്‍ മാത്രം ഹ്യൂം കളിച്ചാല്‍ മതിയെന്നും താരത്തിന്റെ സാനിധ്യം തന്നെ മുതല്‍കൂട്ടാണെന്നുമായിരുന്നു പൂനെയുടെ നിലപാട്. കേരള ബ്ലാസ്റ്റേഴസ് ഇങ്ങനെ ചിന്തിച്ചില്ലല്ലോ എന്നാണ് ആരാധകരുടെ പരിഭവം. പ്രത്യേകിച്ചും ഇക്കുറി ടീമിന്റെ മോശം പ്രകടനം കാണുമ്പോള്‍ അവര്‍ക്ക് ഹ്യൂമേട്ടനെ വല്ലാതെ 'മിസ് ' ചെയ്യുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിന് ഹ്യൂം ഇറങ്ങിയത്. ജാംഷഡ്പൂര്‍ എഫ് സിക്കെതിരെ 62ാം മിനുറ്റില്‍ റോബിന്‍ സിങിനു പകരക്കാരാനായാണ് അദ്ദേഹം ഗ്രൗണ്ടില്‍ ഇറങ്ങിയത്.പൂനെ ബാലവാദി സ്റ്റേഡിയം നിറഞ്ഞ കരഘോഷത്തോടെയാണ് ഹ്യൂമിനെ സ്വാഗതം ചെയ്തത്. മത്സരത്തില്‍ പൂനെ ജയിച്ചത് ഇരട്ടി മധുരവുമായി.അവരുടെ ഈ സീസണിലെ ആദ്യ ജയം. പരുക്കിന്റെ പിടിയില്‍ നിന്നും മോചിതനായ ഹ്യൂം അത്ഭുതങ്ങള്‍ കാട്ടിയാല്‍ ഏറെ നിരാശപ്പെടുക കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റായിരിക്കും.ആദ്യ ഐ.എസ്.എല്‍ സീസണിലാണ് കനേഡിയന്‍ ഇന്റര്‍നാഷണല്‍ താരമായ ഇയാന്‍ ഹ്യൂം മലയാളികളുടെ മനം കവര്‍ന്നത്.മൊട്ട തലയനായ ഈ സ്‌ട്രൈക്കറുടെ കളി ആരാധകരെ വല്ലാതെ രസിപ്പിച്ചു. ഗ്രൗണ്ടിനു പുറത്തെ ഹ്യമിന്റെ പെരുമാറ്റവും ഹൃദ്യമായതോടെ മലയാളികളുടെ ഹ്യൂമേട്ടനായി ഈ കാനഡക്കാരന്‍.തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് പോയെങ്കിലും കഴിഞ്ഞ സീസണില്‍ കേരളത്തിലേക്കു തിരിച്ചു വന്നു ആരാധകരോടുള്ള ഇഷ്ടം താരം ഊട്ടിയുറപ്പിച്ചു.പരുക്കു ബാധ്യതയാകുമെന്ന ധാരണയില്‍ ഈ സീസണില്‍ ഹ്യൂമിനെ തഴഞ്ഞ മാനേജ്‌മെന്റ് നടപടി ഇതുവരെയായിട്ടും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഹ്യൂമിനും വിഷമമുണ്ടായിരുന്നു. ഫൂട്‌ബോള്‍ പലപ്പോഴും ക്രൂരമാകുന്നു എന്ന് താരത്തിനു പറയേണ്ടി വന്നു.തന്റെ ഫൂട്‌ബോള്‍ കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട ആരാധകരാണ് കേരളത്തിലേതെന്ന് അടയാളപ്പെടുത്തുന്നു ഈ ഇന്റര്‍നാഷണല്‍ താരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍