സമരം ഭക്തിയുടെ ഭാഗമല്ല; അറസ്റ്റ് സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സന്നിധാനത്ത് നാമജപ സമരം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുകയാണ്. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതതമായി പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങള്‍ ഭക്തരാണെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസുകാരും ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ശബരിമലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലയിലെത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരെ എത്തിക്കുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണല്ലോ. പ്രശ്‌നമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കൂട്ടര്‍ ഭക്തരല്ലെന്ന് നാട്ടുകാര്‍ക്ക് മനസിലാകും. ശബരിമലയെ പിടിച്ചടക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവരെത്തുന്നത്. സര്‍ക്കുലര്‍ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പ്രശ്‌നം സുവര്‍ണാവസരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞത് നേരത്തെ എല്ലാവരും കണ്ടതാണ്. ഇക്കാര്യം പരസ്യമായി നടപ്പിലാക്കുന്നതാണ് സര്‍ക്കുലറിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല മറിച്ച് കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പാവം അയ്യപ്പഭക്തന്മാരെ ബലിയാടാക്കാരുതെന്നും സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍