സന്നിധാനത്ത് അറസ്റ്റ് ചെയ്തവരെ മണിയാര്‍ ക്യാമ്പില്‍ എത്തിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്തവരെ കേരള സായുധസേനയുടെ മണിയാര്‍ ക്യാമ്പില്‍ എത്തിച്ചു. എണ്‍പതോളം പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെനടയടക്കുന്നതിന് തൊട്ടുമുമ്പാണ് വലിയ നടപ്പന്തലില്‍ അപ്രതീക്ഷിതമായി നാമജപം നടത്തി പ്രതിഷേധം നടത്തിയത്. 
സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നടയടച്ചശേഷം പ്രതിഷേധം അവസാനിപ്പിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പിന്നീട് നടയടച്ച ശേഷം പിരിഞ്ഞുപോകാമെന്ന വാക്ക് പാലിച്ചില്ലെന്നും പോലീസ് പറഞ്ഞു. ആദ്യം അറസ്റ്റിന് വഴങ്ങാമെന്ന് അറിയിച്ചെങ്കിലും നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാര്‍ തീരുമാനിച്ചു. ഇതോടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നീക്കാനുള്ള നടപടി എടുക്കുകയായിരുന്നു. ഇതിനിടെ പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിട്ടില്ല. ഇടുക്കി വണ്ടന്‍മേട് സ്വദേശി മനോജിന് പോലീസ് നടപടിയില്‍ പരിക്കേറ്റിട്ടുണ്ട്. നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാമജപ പ്രതിഷേധവുമായി രംഗത്തെത്തി. ആറന്മുളയില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നാമജപ പ്രതിഷേധം. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസ് എടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇന്നു പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ആട്ട ചിത്തിര വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പ്രത്യേകം ചോദ്യം ചെയ്തു വരികയാണ്.സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എറണാകുളം സ്വദേശി രാകേഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ആര്‍എസ്എസ് നേതാവാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍