യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല, പിന്തുണയുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്ര എങ്ങനെ പെരുമാറുന്നുവെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയോടും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും അദ്ദേഹം പെരുമാറിയതില്‍ തെറ്റില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണ് എസ്.പി ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. അടുത്തിടെയുണ്ടായ പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ സ്ഥിതി മോശമാണ്. നിലയ്ക്കലിക്ക് വാഹനങ്ങള്‍ കടത്തിവിട്ടാല്‍ പാര്‍ക്കിംഗ് പ്രശ്‌നങ്ങളുണ്ട്. കേന്ദ്രമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാമെന്നും അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞത്. അങ്ങനെ പറഞ്ഞത് തന്റെ ഔദ്യോഗിക നിര്‍വഹണത്തിന്റെ ഭാഗമാണ്. കെ.പി ശശികലയെ എസ്.പി ശബരിമലയില്‍ തടഞ്ഞിട്ടില്ല, പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാല്‍ ശബരിമലയില്‍ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.പി.ശശികലയ്ക്കും ശോഭാ സുരേന്ദ്രനും എന്തും പറയാമെന്നായി. അവരുടെ പേരെടുത്ത് പറയാന്‍ പോലും താനാഗ്രഹിക്കുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ പേരെടുത്ത് പറയാതെ നിര്‍വാഹമില്ലെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയിലെ ക്രമസമാധാനനില തകരാതെ നോക്കാനാണ് അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയില്‍ ഭക്തര്‍ക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയില്‍ പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍