യുവരാജിന് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ?

  • കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ യുവരാജ്‌സിംഗിനെ തേടി മറ്റു ടീമുകള്‍ എത്തുമോയെന്ന് ഉറപ്പില്ല.
  • വിരമിക്കലിന് താരം ഒരുങ്ങിയേക്കും എന്ന് സൂചന

പഴയ പ്രതാപം ആരുടെയും രക്ഷയ്‌ക്കെത്തില്ല,സ്‌പോര്‍ട്‌സിലും ഇതു ബാധകമാണ്.പ്രത്യേകിച്ചും ഐ.പി.എല്‍ പോലെ പണം വാരിയെറിയുന്ന കായികസംരഭങ്ങളില്‍.മികച്ച പ്രകടനം ഉണ്ടായില്ലെങ്കില്‍ എത്ര പ്രഗത്ഭനായാലും ടീമില്‍ നില നിര്‍ത്താന്‍ കോര്‍പ്പറേറ്റ് സ്വഭാവമുള്ള ഉടമകള്‍ തയ്യാറാകില്ല.ഈ പ്രവണതയ്ക്കു എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.ഇതിനോട് കൂട്ടി വായിക്കേണ്ട ഏറ്റവും പുതിയ സംഭവമാണ് യുവരാജ് സിംഗിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയത്.2019 സീസണില്‍ യുവരാജ് സിംഗ് പഞ്ചാബ് ടീമില്‍ ഉണ്ടാകില്ല.അദ്ദേഹം ടീമിന് ബാധ്യതയെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.അവരത് പ്രഖ്യാപിച്ചും കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട യുവിക്ക്,തനിക്കിനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്താന്‍ കിട്ടുന്ന വേദിയായിരുന്നു ഐ.പി.എല്‍.പഞ്ചാബ് ഒഴിവാക്കിയ താരത്തെ ഇനിയേതെങ്കിലും ടീം ഉള്‍പ്പെടുത്തുമോ എന്ന് ഉറപ്പില്ല.കഴിഞ്ഞ തവണത്തെ ഐ.പി.എല്‍ പ്രകടനമാണ് യുവരാജിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തത്.ആറു ഇന്നിംഗ്‌സുകളില്‍ നിന്ന് 65 റണ്‍സ് മാത്രമാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ് മാന്‍ നേടിയത്.ബൗളിംഗിലും ഫീല്‍ഡിംഗിലും ദയനീയ പരാജയമായിരുന്നു. പന്ത്,ബാറ്റില്‍ കൊള്ളിക്കാന്‍ പോലും കഴിയാതെ വിയര്‍ക്കുന്ന യുവരാജിനെ കണ്ട് ക്രിക്കറ്റ് പ്രേമികള്‍ അന്തം വിട്ടു.അവര്‍ക്കറിയാവുന്ന യുവരാജ് അങ്ങനെയായിരുന്നില്ല. വിസ്‌ഫോടനങ്ങള്‍ കൊണ്ട് ബൗളര്‍മാര്‍ക്ക് മേല്‍ സംഹാരതാണ്ഡവമാടിയ ആ ബാറ്റ് നനഞ്ഞ പടക്കം പോലെ നിശബ്ദമായത് വല്ലാത്ത നൊമ്പരമായി.......... സിക്‌സറുകളും ബൗണ്ടറികളും ഗ്രൗണ്ടിന്റെ നാനാദിക്കിലേക്കും പായിക്കുന്ന യുവരാജിന്റെ നിഴല്‍പോലും കഴിഞ്ഞ സീസണില്‍ കണ്ടില്ലല്ലോ എന്നോര്‍ത്ത് ആരാധകര്‍ വേദനിച്ചു.... 
ഐ.പി.എല്ലിന്റെ തുടക്കത്തില്‍ പഞ്ചാബിന്റെ ക്യാപറ്റനും ഐക്കണ്‍ താരവുമായിരുന്നു ഈ ഓള്‍റൗണ്ടര്‍.പിന്നീട് പൂനെ വാരിയേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ്,ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ അഭിമാനത്തോടും ആഹ്ലാദത്തോടും കൂടിയാണ് യുവിയെ തങ്ങളുടെ ക്യാമ്പിലെത്തിച്ചത്.ഇതില്‍ ബാംഗ്ലൂര്‍ 14 കോടിക്കും ഡല്‍ഹി 16 കോടിക്കുമാണ് താരത്തെ സ്വന്തമാക്കിയത്.അവസാനം കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടി വിലയ്ക്കു മാത്രമാണ് യുവിയെ ടീമിലെടുത്തത്.അതും കോച്ച് വീരേന്ദ്ര സേവാഗിന്റെ താല്‍പ്പര്യപ്രകാരം.ദയനീയ പ്രകടനത്തിലൂടെ സേവാഗിനെ വരെ താരം ചീത്ത കേള്‍പ്പിച്ചു എന്നതായിരുന്നു സ്ഥിതി.2019 സീസണില്‍ ഏതായാലും പരീക്ഷണത്തിനു മുതിരാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.അതിലവരെ കുറ്റം പറയാനും പറ്റില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നു തുടങ്ങിയ ഐ.പി.എല്‍ കരിയര്‍ അവരിലൂടെ തന്നെ അവസാനിക്കുമോ എന്നതാണ് ആരാധകരെ ചിന്തിപ്പിക്കുന്നത്.ഏതെങ്കിലും ടീം യുവിയോട് സന്മനസ്സ് കാട്ടുമോ? ഇനിയൊരു അവസരം കിട്ടുകയാണെങ്കില്‍ പഴയ പ്രതാപം തിരിച്ചു പിടിക്കുന്ന യുവരാജ് സിംഗിനെ ഒരു പക്ഷെ കാണാന്‍ കഴിയും,അദ്ദേഹം ഒരു പോരാളിയാണ്.എല്ലാ അര്‍ത്ഥത്തിലും.നല്ല കാലം പിന്നിട്ടെങ്കിലും ആ ലോഫ്റ്റഡ് ഷോട്ടുകളും കട്ടുകളും തങ്ങളെ ആവേശഭരിതരാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.യുവരാജിന്റെ മനസ്സിലുള്ള കണക്കുകൂട്ടല്‍ എന്തായിരിക്കാം? 2019 ലോകകപ്പില്‍ കളിക്കണമെന്നായിരുന്നു കുറച്ചു മുമ്പു വരെ അദ്ദേഹത്തിന്റെ ആഗ്രഹം.അതു അസ്തമിച്ചു കഴിഞ്ഞു.യുവതാരങ്ങളുടെ തള്ളിക്കയറ്റമാണ് ഇന്ത്യന്‍ ടീമില്‍.ആരെ ഒഴിവാക്കുമെന്ന് സെലക്ടര്‍മാര്‍ക്ക് ഒരുപിടിയും ഇല്ല. ഈ സാഹചര്യത്തില്‍ ഇനിയൊരു ലോകകപ്പ് എന്നത് യുവരാജിന് സ്വപ്‌നം കാണാന്‍ കൂടി കഴിയില്ല.ക്രിക്കറ്റിന്റെ എല്ലാ തലത്തില്‍ നിന്നും അദ്ദേഹം വിരമിക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനയും ശക്തമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍