അതിവേഗ ബോട്ട് സര്‍വീസിനു മികച്ച പ്രതികരണം; വരുമാനത്തില്‍ വര്‍ധന

കൊച്ചി: വൈക്കംഎറണാകുളം ജലപാതയില്‍ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'വേഗ 120' അതിവേഗ എസി ബോട്ട് സര്‍വീസിന് മികച്ച പ്രതികരണം. സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്‌പോള്‍ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായതായി അധികൃതര്‍ പറഞ്ഞു. പ്രതിദിനം ഓരോ സര്‍വീസിലും ശരാശരി 80നും 90നും ഇടയില്‍ യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. അവധിദിനങ്ങളില്‍ ഇത് 120 വരെ ഉയരും. വൈക്കം കൊച്ചി സര്‍വീസില്‍ നിന്നു മാത്രമായി പ്രതിദിനം ശരാശരി 8,250 രൂപയും എറണാകുളം കമാലക്കടവ് സര്‍വീസ് കൂടി ഉള്‍പ്പെടുത്തുന്‌പോള്‍ പ്രതിദിനം 15,000 രൂപയുമാണ് വരുമാനം. രാവിലെ 7.30ന് വൈക്കത്തുനിന്ന് സര്‍വീസ് ആരംഭിച്ച് 9.30ന് എറണാകുളത്തെത്തുന്ന ബോട്ട് എറണാകുളം കമാലക്കടവ് റൂട്ടില്‍ ദിവസേന 12 സര്‍വീസുകളും നടത്തുന്നുണ്ട്. യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്താതിരുന്നതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ ദിവസങ്ങളിലും ബോട്ട് സര്‍വീസ് നടത്തി. വൈക്കംഎറണാകുളം എസി കാബിന്‍ 80 രൂപയും സാധാരണ കാബിന്‍ 40 രൂപയുമാണ് നിരക്ക്. ദിവസേന രാവിലെയും വൈകിട്ടുമായി വൈക്കം എറണാകുളം റൂട്ടില്‍ രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. സര്‍വീസിംഗിന്റെ ഭാഗമായി ബോട്ട് ഇന്നും നാളെയും സര്‍വീസ് നടത്തില്ലെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ വൈക്കത്തുനിന്ന് ആരംഭിക്കുന്ന ബോട്ടിന് വൈക്കം, ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവല്‍ ബേസ്, എറണാകുളം ജെട്ടി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബോട്ട് രണ്ട് മണിക്കൂര്‍ കൊണ്ടാണ് എറണാകുളത്തെത്തുന്നത്. വിനോദസഞ്ചാര വികസനം കൂടി കണക്കിലെടുത്താണ് ജലഗതാഗത വകുപ്പ് ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. സീസണ്‍ കാലയളവില്‍ വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ട് സര്‍വീസ് പ്രയോജനപ്പെടുത്തുമെന്നാണ് ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍