റിസര്‍വ് ബാങ്ക് അയഞ്ഞു; പണലഭ്യത കൂട്ടും

മുംബൈ: കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ റിസര്‍വ് ബാങ്ക് നിലപാട് മയപ്പെടുത്തുന്നു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂലധന ചട്ടങ്ങള്‍ (എക്കണോമിക് കാപ്പിറ്റല്‍ ഫ്രെയിംവര്‍ക്ക്) പരിഷ്‌കരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ധനകാര്യ മേഖലയിലേക്ക് പണലഭ്യത കൂട്ടാനുള്ള നടപടിയുണ്ടാകും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ ലഭ്യതയും കൂട്ടും. 25 കോടി രൂപവരെയുള്ള എം.എസ്.എം.ഇ വായ്പകള്‍ പുനഃക്രമീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. കിട്ടാക്കടം നിയന്ത്രിക്കാന്‍ പരാജയപ്പെട്ട ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച പി.സി.എ നടപടി, വായ്പാ വിതരണത്തെ ബാധിച്ചുവെന്നും ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ചട്ടങ്ങള്‍ പുനഃപരിശോധിക്കുന്നത്. ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം ഒമ്പത് ശതമാനമായി നിലനിറുത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം മുറുകിയ പശ്ചാത്തലത്തില്‍ ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്നത്തെ യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിച്ചതോടെ രാജിനീക്കം ഒഴിവായി. ഡിസംബര്‍ 14ന് റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം വീണ്ടും ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍