ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരം: ബഹുരാഷ്ട്ര കമ്പനികളെ ഹോട്ടലുകള്‍ ഒഴിവാക്കുന്നു

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കാനുള്ള തീരുമാനവുമായി ഹോട്ടല്‍ ഉടമകള്‍. ഡിസംബര്‍ ഒന്നു മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലും ചൂഷണത്തിലും പ്രതിഷേധിച്ചാണ് തീരുമാനം. ഓണ്‍ലൈന്‍ ഭക്ഷണവില്‍പന നടത്താന്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടര്‍ന്ന് ഇപ്പോള്‍ നല്‍കുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍നിന്ന് ഈടാക്കുവാനുമുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്നും കെഎച്ച്ആര്‍എ ആരോപിച്ചു.ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വ്യാപകമായതോടെ ആളുകള്‍ ഹോട്ടലിലേക്കു വരുന്നതു കുറഞ്ഞെന്നും ഇതുമൂലം ഹോട്ടല്‍ ബിസിനസ് തകര്‍ന്നെന്നും ഭാരവാഹികള്‍ പറയുന്നു. ആദ്യം ഹോട്ടലുകള്‍ മുഖേനയായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഹോട്ടലുകള്‍ അവര്‍ തന്നെ നിര്‍ദേശിച്ചു കൊടുക്കുകയാണ്. ഇതുമൂലം ചെറിയ വിഭാഗം ഹോട്ടലുകള്‍ക്കു വലിയ തോതില്‍ ബിസിനസ് കിട്ടുകയും ബഹുഭൂരിപക്ഷം ഹോട്ടലുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു. ഊബര്‍ ഈറ്റ്‌സ്, സൊമാറ്റോ, സ്വിഗി ഉള്‍പ്പടെയുള്ള കമ്പനികളാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ പ്രധാനമായും പ്രവര്‍ത്തിച്ചുവരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍