പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി; സാധ്യമല്ലെന്നാവര്‍ത്തിച്ച് പോലീസ്


നിലയ്ക്കല്‍: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തി. നിലയ്ക്കലില്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച മന്ത്രി സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പോകാമെങ്കില്‍ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പ വരെ യാത്രാനുമതി നല്‍കികൂടെന്ന് മന്ത്രി ചോദിച്ചു. മന്ത്രിക്കൊപ്പമെത്തിയ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോകണമെന്ന പോലീസ് അറിയിപ്പിനേത്തുടര്‍ന്നാണ് മന്ത്രി ഈ ചോദ്യമുന്നയിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും മറ്റ് പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് അദ്ദേഹം നിലയ്ക്കലില്‍ എത്തിയത്.
എന്നാല്‍ സ്വാകാര്യ വാഹനങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ച് നിന്നു. നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര ഇക്കാര്യം മന്ത്രിയോട് വിശദീകരിച്ചു. പമ്പയില്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഇല്ലെന്നും ഗതാഗതകുരുക്കുണ്ടാകുമെന്നും അതിനാലാണ് സ്വകാര്യ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കാത്തതെന്നും യതീഷ്ചന്ദ്ര വ്യക്തമാക്കി.
പോലീസ് വിശദീകരണം കേട്ട ശേഷവും സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന നിലപാടില്‍ പൊന്‍ രാധാകൃഷ്ണന്‍ ഉറച്ച് നിന്നതോടെ മന്ത്രി ഉത്തരവിട്ടാല്‍ അനുസരിക്കാം എന്ന് യതീഷ്ചന്ദ്ര അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍