ശബരിമലയില്‍ വെടിവഴിപാട് നടത്താന്‍ അനുമതി ആയില്ല

ശബരിമല: മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും സന്നിധാനത്ത് വെടിവഴിപാട് ആരംഭിക്കാന്‍ ദേവസ്വം ബോര്‍ഡിനായിട്ടില്ല. വഴിപാട് നടത്താനുള്ള ചുമതല മുന്‍കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കുകയായിരുന്നെങ്കിലും ഇക്കുറി അതു പാടില്ലെന്ന നിര്‍ദേശം വന്നതാണ് കാലതാമസത്തിനു കാരണം. വെടിവഴിപാട് ആരംഭിക്കണമെങ്കില്‍ എറണാകുളം കാക്കനാട്ടെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഓഫീസില്‍ നിന്ന് അനുമതി വാങ്ങണം. ഇത്തവണ കര്‍ശന നിയന്ത്രണങ്ങളാണ് വഴിപാട് ലൈസന്‍സിനു ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫീസ് വരുത്തിയിട്ടുണ്ട്.മരുന്നിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും കുറ്റി വെടികളും ഉടമസ്ഥാവകാശം ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുമാണ്. വെടിമരുന്ന് സൂക്ഷിക്കുന്നതിന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറും കുറ്റി വെടികള്‍ സൂക്ഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടറുമാണ ്അനുമതി നല്‍കേണ്ടത്. വെടി വഴിപാട് അവകാശം ലേലത്തില്‍ നല്‍കാതെ നിബന്ധനകള്‍ പാലിച്ച് ബോര്‍ഡ് തന്നെ ഇത് ഏറ്റെടുത്ത് നടത്തണമെന്നാണ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സ്വീകരിച്ചിരിക്കുന്നത്.വെടിമരുന്ന് സൂക്ഷിക്കുന്നതിനു പ്രത്യേക സ്ഥലം ഉണ്ടാകണമെന്നും വ്യാപാരം ഓണ്‍ലൈനിലൂടെ മാത്രമാകണമെന്നും നിര്‍ദേശിച്ചിരുന്നു. മുന്‍കാലങ്ങളില്‍ വഴിപാട് നടത്താനുള്ള അവകാശം ബോര്‍ഡ് ലേലത്തില്‍ നല്‍കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം 26 ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ശബരിമലയുടെ ചരിത്രവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ പഴക്കമുള്ള ആചാരമാണിത്. ആലപ്പുഴ മുഹമ്മയിലെ ചീരച്ചിറ കുടുംബത്തിനായിരുന്നു ഇതിന്റെ അവകാശം, അയ്യപ്പന്‍ ആയോധനകല പഠിച്ചത് ചീരപ്പന്‍ചിറ കളരിയിലായതിനാല്‍ അന്നത്തെ പന്തളം രാജാവ് വെടിവഴിപാടിനുള്ള അവകാശം കുടുംബത്തിനു നല്‍കുകയായിരുന്നു. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് വഴിപാട് നടത്താനുള്ള അവകാശം ബോര്‍ഡിനു ലഭിച്ചത്. ശബരിപീഠത്തും ശബരിമലയിലുമാണ് വഴിപാട് നടത്താന്‍ സൗകര്യമുണ്ടായിരുന്നത്. വഴിപാട് ആചാരമെന്ന നിലയില്‍ ഇതു നടത്താനായി നിരവധി ഭക്തര്‍ എത്താറുണ്ടെങ്കിലും ഇത്തവണ അതിനുള്ള സൗകര്യം ലഭിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍