കൊല്ലം റൂറല്‍ പോലീസ് മൂന്ന് സ്റ്റേഷനുകള്‍ കൂടി തുടങ്ങുന്നു

കൊട്ടാരക്കര: കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ മൂന്നു പോലീസ് സ്റ്റേഷനുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി. രണ്ടു സ്റ്റേഷനുകള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നാമത്തെ സ്റ്റേഷന് ഭരണാനുമതി ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. പട്ടാഴി, ചിതറ, വാളകം എന്നിവിടങ്ങളിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുക. പട്ടാഴിയില്‍ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്താണ് പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു കുന്നിക്കോട്, പത്തനാപുരം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടാഴിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി നാട്ടുകാര്‍ ആവശ്യപ്പെട്ടു വരുന്നതാണ് പട്ടാഴി പോലീസ് സ്റ്റേഷന്‍. ചിതറയിലും ഏറെക്കാലമായുള്ള ജനകീയ ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. വാടകക്കെട്ടിടത്തിലാണ് ആദ്യഘട്ടത്തില്‍ ഇവിടെ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുക. കെട്ടിടം സജ്ജീകരിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വാളകത്ത് നിലവിലുള്ള പോലീസ് എയ്ഡ് പോസ്റ്റാണ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തുന്നത്. ഇവിടെയും വാടകക്കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുക. കെട്ടിടം കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ ബഡ്ജറ്റില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ആഭ്യന്തര വകുപ്പില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. കൊട്ടാരക്കര, കുന്നിക്കോട് സ്റ്റേഷന്‍ പരിധികളിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാളകം പോലീസ് സ്റ്റേഷന്‍ നിലവില്‍ വരിക. മൂന്ന് മാസങ്ങള്‍ക്കകം ഈ സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമാകുമെ ന്ന് പ്രതീക്ഷിക്കുന്നതായി റൂറല്‍ എസ്പി ബി.അശോകന്‍ വ്യക്തമാക്കി. ഇതോടെ റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 19ല്‍ നിന്ന് 22 ആയി ഉയര്‍ത്തപ്പെടും. പുത്തൂര്‍ പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. റൂറല്‍ പോലീസ് ജില്ലാ ആസ്ഥാനത്തിന്റെ നിര്‍മ്മാണവും ദ്രുദഗതിയില്‍ നടന്നുവരുന്നതായി പോലീസ് മേധാവി പറഞ്ഞു. പോലീസ് ആസ്ഥാനം യാഥാര്‍ഥ്യമാകുന്നതോടെ സായുധ പോലീസ് ക്യാമ്പും ഇവിടെ ആരംഭിക്കാന്‍ കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍