ശബരിമല ആര്‍എസ്എസിന് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി

കണ്ണൂര്‍: ശബരിമലയെ ആര്‍എസ്എസിന് കൈമാറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ പൂജയ്ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപോലെ മണ്ഡല, മകരവിളക്ക് കാലത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതിഷേധക്കാര്‍ കരുതിയത്. അതു നടപ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച രാത്രി സന്നിധാനത്ത് പോലീസ് അറസ്റ്റ് ചെയ്തവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വന്നവരാണ്. നടപ്പന്തലില്‍ ആദ്യം കുത്തിയിരുന്നാണ് അവര്‍ പ്രതിഷേധം തുടങ്ങിയത്. പോലീസ് ഇടപെട്ടപ്പോള്‍ നട അടയ്ക്കുമ്പോള്‍ മലയിറങ്ങാമെന്ന് പറഞ്ഞു. എന്നാല്‍ നട അടച്ചതോടെ അവര്‍ നിലപാട് മാറ്റി. ഇതോടെ പോലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. പിന്നെ നേതാവിന്റെ ആവശ്യപ്രകാരം എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ശബരിമലയില്‍ കാര്യങ്ങള്‍ അറിയാത്തതല്ല. അദ്ദേഹം വെറുതെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ശബരിമല സുരക്ഷയ്ക്ക് കേന്ദ്രസേന വേണമോ എന്ന കാര്യമൊക്കെ തീരുമാനിക്കുന്നത് ആഭ്യന്തരവകുപ്പാണ്. നിലവില്‍ ശബരിമലയില്‍ എത്തുന്ന യഥാര്‍ഥ ഭക്തര്‍ക്ക് ദര്‍ശനത്തിനോ യാത്രയ്‌ക്കോ യാതൊരു തടസവുമില്ലെന്നും ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വരുന്നവരെ പോലീസ് പിടികൂടുമെന്നും മന്ത്രി പറഞ്ഞു. വിശ്വാസം സംരക്ഷിക്കണമെന്ന് പറഞ്ഞാണ് ബിജെപിയും ആര്‍എസ്എസും പ്രതിഷേധം നടത്തുന്നത്. ഏത് ഹൈന്ദവന്റെ വിശ്വാസമാണ് ഇവര്‍ സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ല. മലകയറാന്‍ ഇരുമുടി കെട്ടുമായി വന്ന കെ.സുരേന്ദ്രന്റെ മാതാവ് മരിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഒരു ഭക്തനും മലചവിട്ടാറില്ല. ഇവര്‍ ഏത് ആചാരമാണ് സംരക്ഷിക്കുന്നതെന്നും ജനങ്ങള്‍ നല്ല ബുദ്ധിയുള്ളവരാണെന്നും അവര്‍ എല്ലാം കാണുന്നുണ്ടെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍