പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറ്‌കോടി ക്ലബ്ബില്‍ ' കായംകുളം കൊച്ചുണ്ണി'യെന്ന് അണിയറ പ്രവര്‍ത്തകര്‍

മലയാള സിനിമയുടെ ബോക്‌സോഫീസ് ചരിത്രത്തില്‍ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം തീയേറ്ററുകളിലെത്തിയിട്ട് നാല്പത് ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകനാണ് ആദ്യമായി നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ചിത്രമെന്ന നേട്ടം കൈവരിച്ചത്. 150കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ മുതല്‍മുടക്ക്. 12കോടിയോളം രൂപ സെറ്റിന് വേണ്ടി മാത്രം ചിലവഴിച്ചിരുന്നു. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് ബോബിസഞ്ജയാണ് തിരക്കഥ ഒരുക്കിയത്. ആഗോളതലത്തിലെ ബിസിനസ് വഴിയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയതെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ചിത്രത്തെ സംബന്ധിച്ച കണക്കുകളും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍