ശ്രീലങ്ക സ്‌പെഷ്യല്‍


ശ്രീലങ്ക പണ്ട് സിലോണ്‍ ആയിരുന്നു. അതാണ് സായ്പന്മാര്‍ ഇട്ട പേര്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് ദശകങ്ങളായി ആ രാജ്യത്തിന്റെ പേര് ശ്രീലങ്ക എന്ന്. ഭാരതീയര്‍ക്ക് ലങ്കയെപറ്റി നന്നായി അറിയാമല്ലോ. രാമായണ കഥയിലെ സീതാദേവിയും ശ്രീരാമനും ഹനുമാനും പിന്നെ രാവണനുമൊക്കെയായി ബന്ധപ്പെട്ട പൗരാണിക പ്രദേശം. സിലോണ്‍ എന്ന് അറിയപ്പെടുത്തതിന് മുമ്പും അത് ലങ്ക തന്നെയായിരുന്നു. പിന്നീട് തദ്ദേശിയരായ ഭരണാധികാരികള്‍ വീണ്ടും ലങ്ക എന്ന് പുനര്‍നാമകരണം ചെയ്തപ്പോള്‍ ലങ്ക എന്ന പേരിനോടൊപ്പം ശ്രീ എന്ന് കൂട്ടിച്ചേര്‍ത്തു. അങ്ങിനെ ശ്രീലങ്ക ഉണ്ടായി.
ശ്രീലങ്കയിലെ ജനം സിംഹള വംശജരിലും തമിഴ് വംശജരിലും പെട്ടവര്‍. ഇരു കൂട്ടുരുടെയും എണ്ണം തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടെങ്കിലും ശ്രീലങ്കന്‍ സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഇരുവരും ബലാബലം നിന്നു. എന്നാല്‍ കാലാകാലങ്ങളായി സിംഹളരുടെ കയ്യിലാണ് ഭരണം. സിംഹളരായ ഭരണ കര്‍ത്താക്കള്‍ തങ്ങളോട് അനീതികാണിച്ചു എന്ന് ശ്രീലങ്കന്‍ തമിഴര്‍ ശക്തമായി വിശ്വസിച്ചു പോന്നിരുന്നു. ആ വിശ്വാസത്തില്‍ നിന്നും ജന്മം കൊണ്ട പ്രസ്ഥാനമായിരുന്നു എല്‍.ടി.ടി.ഇ. ഒരു പാടുകാലം എല്‍.ടി.ടി.ഇ (തമിഴ് പുലികള്‍) സിംഹള സര്‍ക്കാറിനെതിരെയുദ്ധം ചെയ്തു. പിന്നീടൊരന്തിമ യുദ്ധത്തില്‍ ശ്രീലങ്കന്‍ അധികൃതര്‍ എല്‍.ടി.ടി.ഇയെ അമര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം ശ്രീലങ്കക്കുണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് തമിഴ് പുലികളുടെ കയ്യാളുകള്‍ രാജീവ്ഗാന്ധിയെ തമിഴ് നാട്ടില്‍ വെച്ച് വധിച്ചത്.
ഇടക്കാലത്ത് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലുമുണ്ടായി മാറ്റങ്ങളൊരുപാട്. ബന്ധാരനായകെയും, സിരിമാവോ ബന്ധാരനായകെയും ചന്ദ്രികാ കുമാരതുംഗെയുമൊക്ക ഒരു പാടുകാലം അവിടം ഭരിച്ചു. പിന്നീട് വന്നു മഹീന്ദ്ര രാജ് പക്‌സെ എന്ന ഭരണാധികാരി. അദ്ദേഹം ശക്തനും കടുപിടുത്തക്കാരനുമായിരുന്നു. തമിഴ് പുലികള്‍ നടത്തിക്കൊണ്ടിരുന്ന സിംഹള വിരുദ്ധ ആക്ഷനുകളെ പൂര്‍ണമായി ഇല്ലാതാക്കിയതിന്റെ പുര്‍ണ്ണമായ ക്രെഡിറ്റ് രാജ് പക്‌സെക്കുതന്നെ. കലാപകാരികള്‍ക്ക് ശരിക്കും അടിയറവു പറയേണ്ടിവന്നു. അന്ന് ആ അടിച്ചമര്‍ത്തലുകളില്‍ ധാരാളം അതിക്രമങ്ങളും നടന്നു.
എന്നാല്‍ രാജ്പക്‌സെ അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ തികഞ്ഞ പക്വമതികളല്ലാത്ത ഭരണാധികാരികള്‍ക്ക് സാധാരണ സംഭവിക്കുന്നത് അവിടെയും സംഭവിച്ചു.ജനപ്രിയമല്ലാത്ത നയങ്ങള്‍ കാരണം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രാജ്പക്‌സെ പുറത്തായി. പിന്നീട് അധികാരത്തില്‍ വന്നത് റെനില്‍ വിക്രംസിംഗെ എന്ന പ്രധാനമന്ത്രി. മൈത്രി പാല സിരിസേന പ്രസിഡണ്ടുമായി, അവരുടെ ഭരണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഏതാനും ആഴ്ചകളായി പ്രസിഡണ്ടും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും മുമ്പ് മഹീന്ദ്ര രാജ്പക്‌സെയുമായി ശത്രുതയിലായിരുന്ന പ്രസിഡണ്ട് സിരിസേന റെനില്‍ വിക്രംസിംഗെയെ തഴഞ്ഞ് രാജ്പക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും തുടര്‍ന്ന് പാര്‍ലമെന്റ് വരെ പിരിച്ചു വിടുകയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ രാജ്പക്‌സെ മുമ്പ് അധികാരത്തില്‍ നിന്നും പുറത്തായ ശേഷം ഇങ്ങിനെയൊരവസരത്തിന് വേണ്ടി കാത്തിരുന്ന് ചരടുവലികള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ സുപ്രീംകോടതി ഇടപെടുകയും പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. പൊതുജനത്തില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ വിക്രംസിംഗെക്കു തന്നെയാണിപ്പോള്‍. വിക്രംസിംഗെ അധികാരം ഒഴിഞ്ഞു എന്ന് സമ്മതിക്കുന്നില്ല. എന്നാല്‍ രാജ്പക്‌സെ അധികാരമേറ്റെടുക്കുകയും ചെയ്തിരിക്കുന്നു. രാജ്പക്‌സെക്ക് സഭയില്‍ വിശ്വാസവോട്ട് നേടാനായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ശ്രീലങ്കന്‍ രാഷ്ട്രീയം ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ്. ഏറ്റവുമൊടുവില്‍ പ്രസിഡണ്ട് സിരിസേന സര്‍വ്വകക്ഷിയോഗം വിളിച്ച് ചര്‍ച്ച നടത്തുക വരെ ചെയ്തു.എന്നാല്‍ സംഗതി ഒരിടത്തുമെത്തിയിട്ടില്ല.
ഇനി ശ്രീലങ്കയിലെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ഇന്ത്യയടക്കമുള്ള മറ്റു ലോകരാജ്യങ്ങളും രാജ്യകൂട്ടായ്മകളുമൊക്കെ.ഒരാഭ്യന്തര യുദ്ധമാവുമോ ഇനി അവിടെ അരങ്ങേറുക? ഏറ്റവുമൊടുവിലായി പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താന്‍ ഒരുന്നത കമ്മിറ്റിക്ക് രൂപം നല്‍കിയതായി വാര്‍ത്തകളുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍