മന്ത്രി മാറ്റം : ജെഡിഎസ് മുഖ്യമന്ത്രിക്കു കത്ത് നല്‍കി

കോഴിക്കോട് : ജനതാദള്‍എസ് ദേശീയ നേതൃത്വം ചിറ്റൂര്‍ എം എല്‍ എ കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ജെഡിഎസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് തിങ്കളാഴ്ച രാജിവയ്ക്കും കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയ നേതൃത്വത്തിന്റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് സി.കെ. നാണു പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് ആദ്യം പാര്‍ട്ടി തീരുമാനിച്ചിരുന്നത് കൃഷ്ണന്‍കുട്ടിയെ ആയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോള്‍ അന്ന് തങ്ങള്‍ എതിര്‍ത്തില്ല. പാര്‍ട്ടി തീരുമാനത്തിനാണ് അന്നു വഴങ്ങിയതെന്നും നാണു പറഞ്ഞു. ദീര്‍ഘനാള്‍ എംഎല്‍എയായിരുന്ന കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് പാര്‍ട്ടിയിലെ എല്ലാവരുടെയും അഭിപ്രായമായിരുന്നു. മാത്യു ടി. തോമസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും നാണു കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് കാര്യമെന്ന് കൃഷ്ണന്‍കുട്ടിയും പറഞ്ഞു. മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ ഇപ്പോഴത്തെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് ആദ്യം അംഗീകരിച്ചതാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍