സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകള്‍ നവീകരിക്കും: മന്ത്രി ഇ.പി. ജയരാജന്‍

കണ്ണൂര്‍: സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകളെ ആധുനികവത്കരിച്ച് ഉത്പാദന ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കണ്ണൂര്‍സഹകരണ സ്പിന്നിംഗ് മില്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
മില്ലിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താനും ആധുനികവത്കരണത്തിന്റെ സാധ്യതകളെ കുറിച്ചു പരിശോധിക്കാനുമായിരുന്നു മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും മില്‍ സന്ദര്‍ശിച്ചത്. നിലവിലുള്ള നവീകരണ പദ്ധതി ഉടനെ പൂര്‍ത്തീകരിക്കുവാനും നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള മെഷീനുകള്‍ കൂടി നവീകരിക്കുന്നതിനും നടപടി കൈക്കൊള്ളാനും മന്ത്രി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്പിന്നിംഗ് മില്‍ വിപുലീകരിക്കുന്നതിനും ആധുനീക വത്കരിക്കുന്നതിനമായി പുതിയപദ്ധതി ആസൂത്രണം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂല്‍ മില്ലുകളില്‍ നിന്ന് ഉത്പാദിപ്പിക്കാനും തുണിഉദ്പാദനം കൈത്തറി മേഖലക്ക് പുറമെ മറ്റ് മേഖലകളിലെ സാധ്യത കൂടി ഉപയോഗപ്പെടുത്തിയാല്‍ മില്ലുകള്‍ക്ക് ഗുണകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. 
വിളവെടുപ്പ് സമയം മില്ലിനാവശ്യമായ പരുത്തിവാങ്ങി സംഭരിക്കുന്നതിന് സിസിപി.സിമുഖാന്തിരം പര്‍ച്ചേഴ്‌സ് നടത്തണമെന്നും നിര്‍ദേശമുണ്ടായി. മില്ലിലെ തൊഴിലാളികളുടെ യും ജീവനക്കാരുടെയും സേവന വേതന കരാര്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മന്ത്രിക്കു പുറമെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശന്‍ , സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. പവിത്രന്‍, ടെക്‌ഫെഡ് എംഡി എം.കെ. സലിം, സിസിഎസ്എം എംഡി സി.ആര്‍. രമേഷ് എന്നിവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍