പള്ളിവാസല്‍ വിപുലീകരണം: പദ്ധതി പൂര്‍ത്തീകരണത്തിന് പുതിയ ടെന്‍ഡര്‍


തൊടുപുഴ:പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പുതിയ ടെണ്ടര്‍ ക്ഷണിച്ചു.12 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 70.45 കോടിയുടെ അനുബന്ധ ടെന്‍ഡര്‍ മീന്‍കട്ട് സിവില്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ക്ഷണിച്ചത്. പവര്‍ ഹൗസ് നിര്‍മാണം, പവര്‍ ഹൗസിന്റെ അപകടഭീഷണിയിലായ പെന്‍സ്റ്റോക്കുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവ ഇതില്‍പ്പെടും.നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2006 ഡിസംബര്‍ 26നു തുടക്കംകുറിച്ച 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയാണ് 12 വര്‍ഷം പിന്നിടുമ്പോള്‍ എങ്ങുമെത്താതെ നില്‍ക്കുന്നത്. അഞ്ചു വര്‍ഷമായി ജനറേറ്ററുകളും ടര്‍ബൈനുകളും കൃത്യമായി പരിപാലിക്കപ്പെടാത്ത സാഹചര്യമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.പദ്ധതിയുടെ അവശേഷിക്കുന്ന സിവില്‍ ജോലികള്‍,സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്,പെന്‍സ്റ്റോക്ക്, പവര്‍ ഹൗസ് അനുബന്ധ ജോലികള്‍, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ് പുതിയ ടെന്‍ഡര്‍ പ്രകാരം പൂര്‍ത്തിയാക്കേണ്ടത്. 790 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കുന്ന ജോലികളുടെ കരാര്‍ തുക 70,46,19,658 രൂപയാണ്. 2019 ജനുവരി ഒമ്പതു വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍